ദേഹത്ത് ആത്മാക്കൾ കയറുമെന്നുള്ള വിശ്വാസങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, ചൂടുവെള്ളത്തിൽ എടുത്തുചാടി ശരീരത്തിൽ ഉണ്ട് എന്നു വിശ്വസിക്കുന്ന ദുരാത്മാക്കളെ പുറത്തിറക്കുന്ന ആചാരം അറിയുമോ? അങ്ങനെയും ഇടങ്ങളുണ്ട്. രാജസ്ഥാനിലെ മഹൈന്ദിപൂർ എന്ന സ്ഥലത്തെ ഒരു ക്ഷേത്രത്തിലാണ് വളരെ വിചിത്രമായ ഈ ആചാരമുള്ളത്. ശരീരത്തിലുള്ള ദുരാത്മാവിനെ പരസ്യമായി ഉച്ചാടനം ചെയ്യുമത്രേ ഇവിടെ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്.
ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചും ഭിത്തികളിൽ തലയിടിച്ചും ശരീരത്തിൽ കൂടിയിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ദുരാത്മാവിനെ ആളുകൾ പുറത്താക്കാൻ ശ്രമിക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇവിടെ ദർഗയുടെ ഭിത്തിയിൽ ആളുകൾ സ്വയം കെട്ടിയിട്ട് കിടക്കുമത്രെ. അങ്ങനെ ചെയ്താൽ ആത്മാക്കൾ ശരീരത്തിൽ നിന്നും ഒഴിയുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. ഉനിവാ ഗ്രാമത്തിൽ ഒരു കോട്ട പോലെ സ്ഥിതി ചെയ്യുന്ന ഈ ദർഗയിൽ ജാതിയുടെയും മതത്തിന്റെയും ഒന്നും യാതൊരു വ്യത്യാസവുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
ഭൂതോച്ചാടനത്തിനായി ഇവിടെ എത്തുന്ന ആളുകൾ തങ്ങളുടെ കൈയിൽ കർപ്പൂരം വച്ച് കത്തിക്കുമത്രെ. അങ്ങനെ ചെയ്താൽ ശരീരത്തിലെ ദുരാത്മാക്കൾ ഇറങ്ങി പോകും എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. കൈയിൽ കത്തുന്ന കർപ്പൂരവുമായി പൊള്ളൽ സഹിക്കാനാവാതെ ആളുകൾ ഓടുന്നതും പിന്നീട് കൈയിൽ വിശുദ്ധ ചൂൽ ഉപയോഗിച്ച് അടിയ്ക്കുന്നതും ഇവിടത്തെ പതിവു കാഴ്ചയാണ്. ഇവിടെ എല്ലാ വർഷവും ഒരു ഭൂത് മേളയും നടത്താറുണ്ട്.