exice

 തല പുകച്ച് ഉദ്യോഗസ്ഥർ

കൊല്ലം: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും കടത്തും വിപണനവും തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ് കൊവിഡ് കാലത്ത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ എക്സൈസ് തലപുകയ്ക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരിശോധനകൾ നടത്തുന്നതിലെ ബുദ്ധിമുട്ടുകളാണ് അങ്കലാപ്പിന് കാരണം.

കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവർ മരിക്കുകയും പലയിടത്തും ഡ്യൂട്ടിക്കിടെയുണ്ടായ സമ്പർക്കത്തിൽ പൊലീസ് -എക്സൈസ് ഉദ്യോഗസ്ഥ‌ർ രോഗബാധിതരാകുകയും ചെയ്ത സാഹചര്യത്തിൽ ഓണക്കാല സ്പെഷ്യൽ ഡ്രൈവ് എക്സൈസിന് വെല്ലുവിളിയാണ്.

കേരളത്തിൽ ഏറ്റവുമധികം മദ്യം വിറ്റഴിക്കുന്നത് ഓണാഘോഷവേളയിലാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ ബെവ്കോ ആപ്പ് മുഖാന്തിരം മദ്യത്തിന്റെ പാഴ്സൽ വിതരണമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം നഗരത്തിലുൾപ്പെടെ കണ്ടെയ്ൻമെന്റ് സോണുകളിലാകെ മദ്യശാലകൾ ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓണക്കാലത്തും പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരേണ്ടിവരും. വ്യാജ മദ്യ ലോബികളും ലഹരി മാഫിയകളും ആവശ്യത്തിന് മദ്യം കിട്ടാതെ വരുന്ന സാഹചര്യം മുതലെടുക്കും. ഇത് വിഷമദ്യ ദുരന്തങ്ങൾപോലുള്ള അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

ലഹരി സംഘങ്ങൾ നിരവധി

ഓണം ലഹരിയിൽ മുക്കാൻ സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങൾ നിരവധിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലുമായാണ് കള്ളക്കടത്ത്. ലോക്ക് ഡൗൺ കാലത്തും അൺലോക്ക് വണ്ണിന് ശേഷവും സംസ്ഥാനത്തിന്റെ പലഭാഗത്തും പച്ചക്കറി വാഹനങ്ങളിലും പാഴ്സൽ വാനുകളിലും മറ്റും കഞ്ചാവും സ്പിരിറ്റും കേരളത്തിലേക്ക് കടത്തിയത് പിടിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ വാഹനങ്ങൾ പരിശോധിക്കാൻ പരിമിതികളുണ്ട്. പി.പി.ഇ കിറ്റുൾപ്പെടെയുള്ള സുരക്ഷാ കവചങ്ങളുടെ സഹായത്തോടെ മാത്രമേ പരിശോധനകൾ സാദ്ധ്യമാകൂ.

സ്പെഷ്യൽ ഡ്രൈവ്

ആഘോഷവേളകളിലും തിരഞ്ഞെടുപ്പ് പോലുള്ള പ്രത്യേക അവസരങ്ങളിലും മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാനുള്ള പ്രത്യേക എൻഫോഴ്സ് മെന്റ് നടപടിയാണ് സ്പെഷ്യൽ ഡ്രൈവ്. താഴെത്തട്ട് മുതൽ മുകളറ്റം വരെ മുഴുവൻ ഉദ്യോഗസ്ഥരും ദിവസം മുഴുവൻ പരിശോധനകളിൽ വ്യാപൃതരാകുന്നതോടെ കുറ്രകൃത്യങ്ങൾ അമർച്ചചെയ്യാനും ദുരന്തങ്ങൾ ഒഴിവാക്കാനുമാകുമെന്നതാണ് നേട്ടം.

എൻഫോഴ്സ് മെന്റ് നടപടികൾ

1. താലൂക്ക് തലങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ

2. അതിർത്തികളിൽ ബോർ‌ഡർ പട്രോളിംഗ്

3. ജില്ലാ തലങ്ങളിൽ പരിശോധനയ്ക്ക് ഡെപ്യൂട്ടി, അസി. കമ്മിഷണർമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡുകൾ

4. ദേശീയ പാതയുൾപ്പെടെയുള്ള റോഡുകളിലും മുഴുവൻ സമയ വാഹന പരിശോധന

5. വനമേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന

6. അനധികൃത ലഹരി വിൽപ്പനയ്ക്കെതിരായ റെയ്ഡുകൾ

7. സ്ഥിരംകുറ്രവാളികളെ നിരീക്ഷണം

''

പി.പി.ഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം വാഹനപരിശോധന പോലുള്ള എൻഫോഴ്സ്മെന്റ് ജോലികൾ തുടരാനാകില്ല. റേഞ്ചുകളിലും ചെക്ക് പോസ്റ്റുകളിലും അംഗബലം പരിമിതപ്പെടുത്തിയതും പ്രതികൂലമായി ബാധിക്കും.

എക്സൈസ്