ഗ്രാമീണ കർഷകരെ തഴഞ്ഞ് ഹോർട്ടികോർപ്പ്
കൊല്ലം: ലോക്കിൽ പഴുത്തുവീണ കർഷക സ്വപ്നങ്ങൾക്ക് വിപണിയൊരുക്കേണ്ട ഹോർട്ടികോർപ്പ് ഗ്രാമീണ കർഷകരുടെ കൃഷിയിടങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രങ്ങൾ നീളുന്നതിനാൽ വിളവുകൾ വിറ്റഴിക്കാനും ബുദ്ധിമുട്ടുകയാണ് കർഷകർ.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) വിപണികൾക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കാൻ കഴിയാതായതോടെ സ്വന്തം നിലയ്ക്ക് ഓൺലൈനിൽ ഉൾപ്പെടെ പുതിയ വിപണനസാദ്ധ്യത തേടുകയാണ് കർഷകർ. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക - വ്യാവസായിക പ്രതിസന്ധി മറികടക്കാൻ യുവാക്കൾ കൃഷിയിലേക്ക് തിരിയണമെന്ന ആഹ്വാനത്തിനുൾപ്പെടെ തിരിച്ചടിയാകുകയാണ് നിലവിലെ സ്ഥിതി.
സുഭിക്ഷ കേരളം പദ്ധതിക്കായി കോടികൾ ചെലവിടുമ്പോൾ സർക്കാരിന്റെ സംഭരണ വിപണന ഏജൻസികളിൽ പ്രധാനിയായ ഹോർട്ടികോർപ്പിന്റെ മെല്ലെപ്പോക്ക് ചില്ലറയല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കർഷകന് പറയാനുള്ളത്
1. സപ്ലൈകോ മാവേലി സ്റ്റോർ മാതൃകയിൽ എല്ലാ പഞ്ചായത്തുകളിലും ഹോർട്ടികോർപ്പിന്റെ പഴം, പച്ചക്കറി വില്പന - സംഭരണ കേന്ദ്രം അനിവാര്യം
2. ഗ്രാമീണ കർഷകർക്ക് വിപണി ലഭിക്കാനും പഴം - പച്ചക്കറി വിപണിയിൽ ഇടപെടാനും കഴിയുന്ന തരത്തിലാകണം ഹോർട്ടികോർപ്പിന്റെ ഇടപെടൽ
3. വില്പന വർദ്ധിക്കുമ്പോൾ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും സബ് സെന്ററുകൾ തുറക്കണം
4. വിത്തിനും വളത്തിനും സബ്സിഡി നൽകുന്നതിനൊപ്പം കർഷകന് നഷ്ടമില്ലാത്ത വില നൽകി ഉത്പന്നം ഏറ്റെടുക്കണം
5. ഹോർട്ടികോർപ്പിനെ പര്യാപ്തമാക്കേണ്ട ബാദ്ധ്യത കൃഷി വകുപ്പിന്
6. സബ്സിഡിക്ക് വസ്തുവിന്റെ കരമടച്ച രസീത് നൽകണമെന്ന നിർദ്ദേശം പാട്ടക്കർഷകരെ വലയ്ക്കും
മറ്റു നിർദ്ദേശങ്ങൾ
പുതിയ കീടങ്ങളുടെ ആക്രമണം ചെറുക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ലഭ്യമാക്കണം. കൃഷി ഉപജീവനമാക്കിയവർക്ക് നാല് ശതമാനം വായ്പയിൽ കാർഷിക ലോൺ ലഭ്യമാക്കണം. വായ്പകളുടെ ദുരുപയോഗം തടയാൻ ഓരോ ഗഡുവും കൃഷിയിട പരിശോധന നടത്തി വിതരണം ചെയ്യണം.
''
ഉത്പന്നങ്ങൾ കൂടുതലുണ്ടെങ്കിൽ കൃഷിയിടങ്ങളിൽ പോയി സംഭരിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും വിതരണ - വില്പന കേന്ദ്രങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
വി.എസ്. മധു, ഹോർട്ടികോർപ്പ്,
ജില്ലാ മാനേജർ