കൊല്ലം: കൊവിഡ് കാലത്തെ അടിയന്തര മൃഗചികിത്സാ സാഹചര്യങ്ങൾ നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ എമർജൻസി ടീം ജില്ലയിൽ തയ്യാറായി. കണ്ടെയ്ൻമെന്റ് സോണുകളിലെയും ഹോട്ട്സ്പോട്ടുകളിലെയും വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ് താലൂക്ക് തലത്തിൽ വെറ്ററിനറി എമർജൻസി ടീം രൂപീകരിച്ചത്.
ഇന്നലെ പുന്തലത്താഴത്ത് ക്വാറന്റൈനിൽ കഴിയുന്ന കർഷകയുടെ വീട്ടിൽ സംഘമെത്തി ചികിത്സ നൽകി. രക്താതിസാരം ബാധിച്ച് കിടപ്പിലായ 9 മാസം പ്രായമുള്ള കാളക്കുട്ടിക്ക് ഡ്രിപ്പുകളും ജീവൻ രക്ഷാമരുന്നുകളും നൽകി തുടർ ചികിത്സകൾ നിർദ്ദേശിച്ചു.
കൊവിഡ് അനുബന്ധ മാനദണ്ഡങ്ങൾ പാലിച്ച് പി.പി.ഇ കിറ്റുകളും സുരക്ഷാ സജ്ജീകരണങ്ങളുമായാണ് സംഘമെത്തിയത്.
ഓരോ താലൂക്ക് തല ടീമിന്റെയും മേധാവി വകുപ്പ് തല അസി. പ്രോജക്ട് ഓഫീസർമാരാണ്. സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി സർജൻമാർ, നൈറ്റ് വെറ്ററിനറി സർവീസിലെ ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും താലൂക്ക് തലത്തിൽ ടീം പ്രവർത്തിക്കുന്നുണ്ട്. കൊല്ലത്തെ ചികിത്സയ്ക്ക് അസി. പ്രോജക്ട് ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബി. അജിത്ത് ബാബു, ആൾഡ്‌വിൻ, അനൂപ് എന്നിവർ നേതൃത്വം നൽകി.