കൊല്ലം: ജില്ലാ ജയിലിൽ 14 റിമാൻഡ് പ്രതികൾക്ക് കൊവിഡ്. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് 14 പേരിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 139 തടവുകാരെയും 45 ജീവനക്കാരെയും ജയിലിനുള്ളിൽ നിരീക്ഷണത്തിലാക്കിയതായി ജില്ലാ ജയിൽ സൂപ്രണ്ട് വെളിപ്പെടുത്തി. ഇവരുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
രോഗം സ്ഥിരീകരിച്ച 14 പേരെയും ജയിലിനുള്ളിൽ തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ സജ്ജമാക്കി ചികിത്സയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തി. ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ ഇവിടേക്ക് നിയോഗിക്കും. കഴിഞ്ഞ ദിവസം തടവുകാർക്ക് പനി ബാധിച്ചതിനെ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം ജയിലിലെത്തി സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ജയിൽ ജീവനക്കാരന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കത്തിൽ നിന്നാകാം റിമാൻഡ് പ്രതികൾക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം. മുൻകരുതലെന്ന നിലയിൽ ജില്ലയിലെ മുഴുവൻ തടവുകാരെയും ജീവനക്കാരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ്; കോഴിക്കോട്ട്
രണ്ട് മരണം കൂടി
കോഴിക്കോട്: ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി.
വടകര തട്ടോളിക്കര നടുച്ചാലിൽ പുരുഷോത്തമൻ (63), ഫറോക്ക് പുതുക്കഴിപ്പാടം സ്വദേശി പ്രഭാകരൻ (73) എന്നിവരാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു പുരുഷോത്തമന്റെ അന്ത്യം. ഇന്നലെ നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രഭാകരന്റെ മരണം.
30 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടാക്കി. മലപ്പുറം - വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി (10), കരുവട്ടാർ (4), നാൻമണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട - കുളനട (13), കോന്നി (എല്ലാ വാർഡുകളും), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി -രാജകുമാരി (5, 6), കാഞ്ചിയാർ (11, 12), രാജക്കാട് (എല്ലാ വാർഡുകളും), എറണാകുളം - കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാർഡ് 7, 9), വെങ്ങോല (7), കൊല്ലം - മൺട്രോതുരുത്ത് (എല്ലാ വാർഡുകളും), തൃക്കോവിൽവട്ടം (1, 22, 23), പാലക്കാട് - അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂർ - അടാട്ട് (14), കാസർകോട് - ബേഡഡുക്ക (4), തിരുവനന്തപുരം - വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 497 ഹോട്ട് സ്പോട്ടുകൾ.