കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. കൊല്ലം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് വിധി പറയുക. ആദ്യ വിചാരണയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആർ.എസ്.എസ് പ്രവർത്തകരായ തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31,രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്ത്‌വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39,പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവർക്ക് കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി
ഫെബ്രുവരി 10ന് ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണ കോടതി കേട്ടില്ലെന്ന് വാദിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കിയ ശേഷം പ്രതികളുടെ ഭാഗം വിശദമായി കേട്ട് വിധി പ്രഖ്യാപിക്കാൻ ജില്ലാ കോടതിയോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി ഭാഗത്തിന്റെ വിശദമായ വാദം കേട്ട ശേഷമാണ് നാളെ വിധി പ്രഖ്യാപിക്കാനായി കേസ് മാറ്റിയത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി.മഹേന്ദ്ര എന്നിവർ ഹാജരായി.
64 വെട്ടുകൾ
2012 ഫെബ്രുവരി 7ന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. 64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. 14 സെന്റീമീറ്റർ നീളത്തിലും ഏഴ് സെന്റീമീറ്റർ ആഴത്തിലുമുള്ള വെട്ടുകൾ ഇതിൽപ്പെടും. അഞ്ച് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 23 സാക്ഷികൾക്ക് പുറമെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഒരാളും ദൃക് സാക്ഷിയായിയെത്തി. 9-ാം പ്രതി ഉൾപ്പെടെ 20 സാക്ഷികളെയാണ് പ്രതിഭാഗം ഹാജരാക്കിയത്.
വിചാരണ, വിധി വഴികൾ
2020 ഫെബ്രുവരി 1: ഒൻപത് പ്രതികൾക്കെതിരെയും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് നാലാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. അന്ന് ഹാജരാകാതെ പ്രതികൾ ഒളിവിൽ പോയി
2020 ഫെബ്രുവരി 4, 7: കേസ് പരിഗണിച്ച ഈ ദിവസങ്ങളിലും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് 14 ലേക്ക് കേസ് മാറ്റി.
2020 ഫെബ്രുവരി 10: പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങി. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ശിക്ഷ വിധിച്ചത്
2020 ഫെബ്രുവരി 10: വിചാരണ കോടതിക്കെതിരെ ഒന്നാം പ്രതി വിനോദ് ഹർജി നൽകിയെങ്കിലും കോടതി തള്ളി. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ റദ്ദാക്കി പ്രതികൾക്ക് പറയാനുള്ളത് കേട്ട് വിധി പ്രഖ്യാപിക്കാൻ വിണ്ടും ജില്ലാ കോടതിക്ക് നിർദ്ദേശം നൽകി.