പുനലൂർ: നഗരസഭയിലെ റേഷൻ കട ജീവനക്കാരിയും ശാസ്താംകോണം സ്വദേശിനിയുമായ 40കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ശാസ്താംകോണം, നേതാജി,നെടുംങ്കയം,മുസാവരി വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.ഇവിടെ നിയന്ത്രണം കർശനമാക്കുകയും പൊലിസ് പരിശോധന വ്യാപകമാക്കുകയും ചെയ്തു. പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലെ റേഷൻ കടയിലെ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരിൽ നിന്നാകാം രോഗം പകർന്നതെന്ന് അധികൃതർ സംശയിക്കുന്നു. ഇത് വരെയും രോഗ ബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.ഇത് കണക്കിലെടുത്ത് ജീവനക്കാരിയുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.നഗരസഭയിൽ കഴിഞ്ഞ ആഴ്ചയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് കലയനാട്, കാരേക്കാട്, താമരപ്പള്ളി, മണിയാർ, പരവട്ടം വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.