കൊല്ലം: പ്രാദേശിക നേതാവിന്റെ കൈയേറ്റം സംരക്ഷിക്കാൻ നഗരസഭയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ആരോപണം. കൈയേറിയ ഭൂമി തിരിച്ച് പിടിക്കാതിരിക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയതിന് പുറമേ മതിൽകെട്ടി സ്ഥലം വേർതിരിക്കാനുള്ള പദ്ധതിയുടെ ഫയലും പൂഴ്ത്തി.
കൊല്ലം - ചെങ്കോട്ട പാതയിൽ കൊല്ലം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നഗരസഭയുടെ ഒരേക്കറോളം വിസ്തൃതിയുള്ള ഭൂമിയിലെ കൈയേറ്റം തടയാനുള്ള മതിൽ നിർമ്മാണ പദ്ധതിയാണ് അട്ടിമറിച്ചത്. കഴിഞ്ഞ ജൂൺ 22ന് ചേർന്ന കൗൺസിൽ യോഗത്തിന്റെ സപ്ലിമെന്ററി അജണ്ടയിൽ ഇവിടുത്തെ മതിൽ നിർമ്മാണത്തിനുള്ള ടെണ്ടർ അംഗീകരിക്കലും ഉൾപ്പെട്ടിരുന്നു.
129 പ്രവൃത്തികളുടെ ടെണ്ടർ അംഗീകരിക്കൽ ഒറ്റ അജണ്ടയായാണ് എത്തിയത്. കൗൺസിൽ യോഗം ഒറ്റക്കെട്ടായി അജണ്ട അംഗീകരിച്ച് പാസാക്കുകയും ചെയ്തു. പക്ഷേ നഗരസഭാ ഭൂമിയിൽ മതിൽകെട്ടാനുള്ള 1209/ 19-20 നമ്പരിലുള്ള പ്രവൃത്തി ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചതായി മിനിട്സിൽ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൈയേറ്റം സംരക്ഷിക്കാനായി മിനിട്സ് തിരുത്തിയതിന് പിന്നിൽ ഗുരുതരമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ആരോപണം.
നഗരസഭ മതിൽ കെട്ടാൻ എത്തുന്നതോടെ സ്വകാര്യ വ്യക്തിക്ക് കൈയേറിയ ഭൂമി വിട്ടുനൽകേണ്ടി വരും. ഇതൊഴിവാക്കാനാണ് നിർമ്മാണം മിനിട്സ് തിരുത്തി ഒഴിവാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് അടുത്തിടെ നഗരസഭയിലെ ചില ഉന്നതർ പരിശോധിക്കാനായി വിളിച്ചുവരുത്തി. പക്ഷേ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഈ ഫയൽ ഇപ്പോൾ എവിടെയാണെന്ന് എൻജിനിയറിംഗ് വിഭാഗത്തിന് ഒരു തിട്ടവുമില്ല.
നഗരസഭയുടെ ഭൂമി വിറ്റുവോ ?
റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള നഗരസഭയുടെ ഭൂമി സ്വകാര്യ വ്യക്തി തെറ്റായ രേഖകൾ ചമച്ച് വിറ്റെന്ന സംശയമുണ്ട്. ഇത് പിടിക്കപ്പെടാതിരിക്കാനാകാം മിനിട്സ് തിരുത്തലെന്ന ഗുരുതരമായ ക്രമക്കേടിലേക്ക് കാര്യങ്ങൾ പോയതെന്ന് കരുതുന്നു.
വിവാദ ഭൂമിയുടെ ചരിത്രം
1995 കാലയളവിലാണ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭൂമി നഗരസഭ ഏറ്റെടുത്തത്. നഗരത്തിൽ ബസ് ടെർമ്മിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നഗരസഭയ്ക്ക് പണം അനുവദിച്ചു. എസ്.എം പാലസിന് സമീപമുള്ള റെയിൽവേ ഭൂമിയിൽ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. റെയിൽവേ ഈ ഭൂമി വിട്ടുനൽകുന്നതിന് പകരം നൽകാനാണ് സ്റ്റേഷനോട് ചേർന്നുള്ള ഭൂമി നഗരസഭ വാങ്ങിയത്. പക്ഷെ പദ്ധതി നടപ്പായില്ല.