കൊല്ലം: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണ ജോലികൾ പൂർത്തിയാകുന്നു. അവസാനവട്ട മിനുക്കുപണികളും ഓഫീസ് ക്രമീകരിക്കൽ ജോലികളുമാണ് ഇനി ശേഷിക്കുന്നത്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. 2018 ജൂലായ് 23ന് ആയിരുന്നു കൊട്ടാരക്കരയിലെ മിനി സിവിൽ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പട്ടണത്തിലെ സ്വന്തമായി ആസ്ഥാനമില്ലാത്ത ഓഫീസുകളെല്ലാം സിവിൽ സ്റ്റേഷനിലേക്ക് എത്തിയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ പൂർണതോതിൽ വിജയം കണ്ടില്ല. താലൂക്ക് ഓഫീസും സപ്ളൈ ഓഫീസും ജോ.ആർ.ടി.ഓഫീസും ട്രഷറികളുമടക്കം പ്രധാനപ്പെട്ട ഓഫീസുകളെല്ലാം ഇവിടേക്ക് കൊണ്ടുവന്നു. ഉദ്ഘാടനത്തിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ് കൊട്ടാരക്കരയിൽ അനുവദിച്ചത്. തട്ടിക്കൂട്ട് സംവിധാനത്തിലാണ് അന്നുമുതൽ ഈ ഓഫീസ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മറ്റ് പല ഓഫീസുകൾക്കും ഇവിടേക്ക് എത്താനായതുമില്ല. തുടർന്നാണ് നിലവിലുള്ള സിവിൽ സ്റ്റേഷന് മുകളിലായി ഒരു നിലകൂടി രണ്ടാം ഘട്ടമായി നിർമ്മിക്കാൻ തീരുമാനിച്ചത്.
7കോടി 30 ലക്ഷം രൂപ അനുവദിച്ചു
7കോടി 30 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് ഇതിനായി അനുവദിച്ചിരുന്നത്. രണ്ടാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നതോടെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ്, ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസ്, സർവേ ഓഫീസുകൾ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, ഇൻസ്പെക്ടിംഗ് അസി. കമ്മിഷണർ ഓഫീസ്, കൊമേഴ്സ്യൽ ടാക്സ് ഓഫീസ്, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ് എന്നിവകൂടി സിവിൽ സ്റ്റേഷനിലേക്ക് മാറ്റും. കോൺഫറൻസ് ഹാൾ, വിശ്രമ മുറി, കാന്റീൻ തുടങ്ങിയവയും ഇവിടെയൊരുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.