ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിലവിലുണ്ടായിരുന്ന കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിക്കുന്നതിന് ജനപ്രതിനിധികളുടെ യോഗം ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ. എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ രാവിലെ 11ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിയന്ത്രണങ്ങളോടെ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയായത്. താലൂക്കിലെ മത്സ്യ മാർക്കറ്റുകൾ പൂർണമായും അടച്ചിടാനും വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ രാവിലെ 7 മുതൽ വൈകിട്ട് 7വരെ തുറന്നു പ്രവർത്തിപ്പിക്കാനും ധാരണയായി. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ 12 വാർഡിലും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ 2, 8 വാർഡുകളിലുംകണ്ടെയ്ൻമെന്റ് സോൺ തുടരും. താലൂക്കിലെ ചക്കുവള്ളി ,തെക്കേമുറി , ശാസ്താംകോട്ട ടൗൺ, ഭരണിക്കാവ് ടൗൺ, ആഞ്ഞിലിമൂട്, സിനിമാപറമ്പ്, കാരാളിമുക്ക്, മൈനാഗപ്പള്ളി, പുത്തൻചന്ത, സോമവിലാസം ചന്ത, പതാരം, നെടിയവിള എന്നീ പ്രദേശങ്ങൾ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. സോമപ്രസാദ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, പൊലീസ് ഇൻസ്പെക്ടർമാരായ ഫിറോസ്, അനൂപ്, ബി.ഡി.ഒ അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.