അഞ്ചൽ: ഗവ. ആശുപത്രിയിൽ സൂപ്രണ്ട് ഇല്ലാത്തതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നുവെന്ന കേരളകൗമുദിയുടെ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടുവെന്നും അടിയന്തിരമായി സൂപ്രണ്ടിനെ നിയമിക്കണം എന്ന ആവശ്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജു പറഞ്ഞു. മാത്രമല്ല നിലവിൽ ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകും. പി.പി.ഇ കിറ്റ് ഉൾപ്പടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായി നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയുടെ വികസനത്തിന് 1 കോടി രൂപ അനുവദിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. അഞ്ചൽ മേഖലയിൽ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യവകുപ്പും ത്രിതല പഞ്ചായത്തും പൊലീസും കൂട്ടായി പ്രവർത്തിച്ചുവരികയാണെന്നും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി രാജു പറഞ്ഞു.