കൊല്ലം: കൊട്ടാരക്കര നഗരസഭാ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, പി.ഐഷാപോറ്റി എം.എൽ.എയും നഗരസഭാ ചെയർപേഴ്സണും തഹസീൽദാരുമടക്കം 42 പേർ നിരീക്ഷണത്തിൽ. കൊട്ടാരക്കര പുലമൺ ബ്രദറൻ ഹാളിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സ്വയം നിരീക്ഷണത്തിലായത്. ബ്രദറൻ ഹാൾ ചികിത്സാ കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്ക് എത്തിയ കരാർ തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്രമീകരണങ്ങൾ വിലയിരുത്താൻ പലതവണ എത്തിയതിലൂടെയാണ് നഗരസഭ സെക്രട്ടറിയ്ക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് നഗരസഭാ സെക്രട്ടറിയ്ക്ക് കൊവിഡ് പരിശോധന നടത്തിയതും പോസിറ്റീവായതും. രോഗം സ്ഥിരീകരിച്ചതോടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരെല്ലാം പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നഗരസഭയിലെ കഴിഞ്ഞ ദിവസങ്ങളിൽ ഹാജരായ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരും പരിശോധന നടത്തണം. ഈ ചടങ്ങിന് ശേഷമാണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ സ്വരാജ് പുരസ്കാര ആഡിറ്റോറിയ ചടങ്ങിൽ എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്തത്. ആദ്യ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനയുടെ ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ മാത്രം ആഡിറ്റോറിയം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ പരിശോധന നടത്തിയാൽ മതിയാകും. നഗരസഭയിലെ ചെയർപേഴ്സണും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും മറ്റ് ജീവനക്കാരുമടക്കമുള്ളവർ നിരീക്ഷണത്തിൽ പോയതിനാൽ ഇന്ന് നഗരസഭ ഓഫീസ് പ്രവർത്തിക്കില്ല. എന്നാൽ കൊവിഡ് സുരക്ഷാ ഡ്യൂട്ടികൾക്ക് തടസമുണ്ടാകില്ല. ഓഫീസ് പ്രവർത്തനത്തിന് അടുത്ത ദിവസം പുന:ക്രമീകരണം വരുത്താനാണ് ആലോചന.