ഓച്ചിറ: നിറുത്താതെ പോയ കാറിടിച്ച് പൊലീസ് ജീപ്പിലിരുന്ന എസ്.എെക്ക് പരിക്കേറ്റു. ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.എെ വിജയകുമാറിനാണ് പരിക്കേറ്റത്. കൈക്ക് പൊട്ടലേറ്റ വിജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒന്നോടെ ദേശീയപാതയിൽ ഓച്ചിറയിലായിരുന്നു അപകടം.
വാഹനപരിശോധനക്കിടയിൽ ചവറയിൽ വച്ച് കൈകാണിച്ചെങ്കിലും നിറുത്താതെ പോയ കാറിനെ വയർലെസ് സന്ദേശം ലഭിച്ചതനുസരിച്ച് വവ്വാക്കാവിൽ വച്ച് ഓച്ചിറ പൊലീസ് തടഞ്ഞു. പൊലീസിനെ വെട്ടിച്ച് മുന്നോട്ടുപോയ കാറിനെ ഓച്ചിറയിൽ വച്ച് ഹൈവേപൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് വീണ്ടും തടഞ്ഞു. തുടർന്ന് ഇടറോഡിൽ കൂടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് എത്തിയ ഓച്ചിറ പൊലീസ് ജീപ്പിൽ ഇടിച്ചാണ് എസ്.എെക്ക് പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന മടവൂർ പള്ളിക്കൽ സ്വദേശികളായ ഷൈൻ, രാജേഷ്, ഷിജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.