കൊല്ലം: കൊട്ടാരക്കരയിൽ നഗരസഭാ സെക്രട്ടറിയ്ക്കും മുസ്ളീം സ്ട്രീറ്റിൽ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മുസ്ളീം സ്ട്രീറ്റിൽ രോഗബാധിതർ കൂടിവരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. ആദ്യ ദിനങ്ങളിൽ വലിയ തോതിലാണ് രോഗ വ്യാപനം ഉണ്ടായതെങ്കിലും പിന്നീട് ഇത് കുറഞ്ഞു. എന്നാൽ ഇപ്പോൾ ഇടവേളകളില്ലാതെ എല്ലാ ദിനവും പോസിറ്റീവ് കേസുകൾ ഉണ്ടാകുന്നുണ്ട്. ഇടവഴികൾ ഉൾപ്പടെ അടച്ചിട്ട് കർശന നിയന്ത്രണമാണ് മുസ്ളീം സ്ട്രീറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭീതിയുടെ കാര്യമില്ലെന്ന് അധികൃതർ അറിയിച്ചു. കൊട്ടാരക്കര നഗരസഭാ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പട്ടണത്തിലെ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. നഗരസഭ ഓഫീസ് അടച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമ്പർക്ക പട്ടികയിലുള്ളതാണ് ആശങ്കയ്ക്ക് ഇട നൽകുന്നത്. മേലിലയിൽ ഇന്നലെ രണ്ടുപേർക്ക് പോസിറ്റീവ് ആയതൊഴിച്ചാൽ കൊട്ടാരക്കര മേഖലയിൽ മറ്റൊരിടത്തും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. വെട്ടിക്കവല തലച്ചിറയിൽ സമൂഹ വ്യാപനത്തിന്റെ വക്കിൽ നിന്നാണ് കൊവിഡ് അകന്നുപോയത്.