jayan
കടവൂർ ജയൻ

കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ഇന്ന് വിധി പറയും. ആദ്യ വിചാരണയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആർ.എസ്.എസ് പ്രവർത്തകരായ തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31, രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാല സദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്തുവിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39, പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവർക്ക് കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ഫെബ്രുവരി 10ന് ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണക്കോടതി കേട്ടിട്ടില്ലെന്ന് വാദിച്ചു. ഇതംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും പ്രതികളുടെ ഭാഗം വിശദമായി കേട്ട് വിധി പ്രഖ്യാപിക്കാൻ ജില്ലാ കോടതിയോട് നിർദേശിക്കുകയും ചെയ്തു. 2012 ഫെബ്രുവരി 7നാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം പകൽസമയം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

 കോടതി പരിസരത്ത് കൂടുതൽ സുരക്ഷ

വിധി വരുന്ന പശ്ചാത്തലത്തിൽ ഇന്ന് കോടതി പരിസരത്ത് പൊലീസ് കൂടുതൽ സുരക്ഷ ഉറപ്പാക്കും. പ്രതികൾക്കൊപ്പം കൂടുതൽ ആളുകളെ കോടതി പരിസരത്തേക്ക് പ്രവേശിപ്പിക്കാനും കൊവിഡ് വ്യാപന സാഹചര്യത്തിൽ കൂട്ടം കൂടാനും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.