photo
മരുതൂർക്കുളങ്ങര മുസ്ലീം പള്ളി - ആലുംകടവ് മൂന്നാമ്മൂട് ജംഗ്ഷൻ റോഡ്.

കരുനാഗപ്പള്ളി:തീരദേശ ഗ്രാമീണ റോഡിലെ കുണ്ടും കുഴിയും നാട്ടുകാരെ വലയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

മരുതൂർക്കുളങ്ങര മുസ്ലീം പള്ളിയുടെ സമീപത്തു നിന്നും ആരംഭിച്ച് - ആലുംകടവ് മൂന്നാംമൂട് ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിലൂടെയുള്ള യാത്രയാണ് നാട്ടുകാർക്ക് വിനയാകുന്നത്.

ഓടനിർമ്മിച്ചതോടെ റോഡ് തകർന്നു

വർഷങ്ങളായി നാട്ടുകാർ റോഡ് യാത്രയുടെ ദുരിതവും പേറിയാണ് ജീവിക്കുന്നത്. 200 ഓളം കുടംബങ്ങളാണ് ഈ റോഡിലെ സ്ഥിരം സഞ്ചാരികൾ. കരുനാഗപ്പള്ളി നഗരസഭയുടെ തെക്കൻ മേഖലകളെ ആലുംകടവ് വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡും ഇതാണ്. 800 മീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ ശനിദശ ആരംഭിക്കുന്നത് രണ്ട് വർഷം മുമ്പാണ്. വെള്ളം കെട്ടിനിൽക്കുന്ന റോഡിനെ സംരക്ഷിക്കാനായി രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഓടയുടെ നിർമ്മാണം ആരംഭിച്ചു. ഓട പൂർത്തിയായതോടെ റോഡിന്റെ നിലവിലുള്ള വീതി കുറയുകയും റോഡ് ഭാഗികമായി തകരുകയും ചെയ്തു.ഇതോടെ റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുഷ്ക്കരമായി.

ഇപ്പോൾ ആട്ടോറിക്ഷകൾ പോലും വരാറില്ല

.റോഡിലെകുഴികളുടെ ആഴം കൂടിയതോടെ ഡിവിഷൻ കൗൺസിലർ മുൻ കൈ എടുത്ത് കുഴികളിൽ പാറ വേസ്റ്റ് അടിച്ചിട്ട് നികത്തി. ദിവസങ്ങൾ കഴിഞ്ഞതോടെ പാറയുടെ കൂർത്തമൂർത്ത അഗ്രങ്ങൾ കാൽനട യാതക്കാർക്ക് വിനയായി. നിലവിൽ ആട്ടോറിക്ഷകൾ പോലും ഇതു വഴി വരാറില്ല. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നത് പതിവ് കാഴ്ചയാണ്.

ഫണ്ട് തികഞ്ഞില്ല

11 വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. തകർന്ന റോഡിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നഗരസഭയിൽ നിന്നും 15 ലക്ഷം രൂപാ വീതം അനുവദിച്ചിരുന്നു. എന്നാൽ ടാറിംഗിന് ഈ ഫണ്ട് അപര്യാപ്തമാണെന്ന കാരണത്താൽ കരാറുകാർ ടെന്റർ നടപടികളിൽ നിന്നും പിന്മാറി. ഇതോടെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വീണ്ടും നീണ്ടുപോയി . തുടർന്ന് ജനങ്ങളുടെ യാത്രാ ദുരിതവും പതിൻമടങ്ങ് ദുഷ്ക്കരമായി.

എം.എൽ.എ ഇടപെട്ടു

സുഖമില്ലാതെ വീടുകളിൽ കിടക്കുന്ന രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ ഒരു വാഹനവും ഇതു വഴി വരാൻ തയ്യാറാകാത്തത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കി ആർ.രാമചന്ദ്രൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടു.:

90 ലക്ഷം അനുവദിച്ചു

റോഡിന്റെ നിലവിലുള സ്ഥിതി വളെരെ മോശമാണ്. കാൽനട യാത്രപോലും ദുഷ്ക്കരമാണ്. ടാറിംഗ് വാർക്കുകൾ എടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. ഇതേ തുടർന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ മുൻകൈ എടുത്ത് ഹാർബറിംഗ് എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപാ അനുവദിപ്പിച്ചു. ഇതിന് ഭരണാനുമതി ഉടനെ ലഭിക്കും . തുകയ്ക്ക് അനുമതി ലഭിക്കുന്നതോടെ റോഡിന്റെ നിർമ്മാണം ആരംഭിക്കും.

സുനിത സലിംകുമാർ , ഡിവിഷൻ കൗൺസിലർ: