തഴവ: തഴവയുടെ നാടൻ പാട്ടുകാരനെ സംസ്ഥാന അംഗീകാരം തേടിയെത്തി. നാടൻ പാട്ടുകളുടെ നിലനിൽപ്പിനും, വളർച്ചയ്ക്കും സമഗ്ര സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് സംസ്ഥാന ഫോക്ക് ലോർ അക്കാദമി ഏർപ്പെടുത്തിയ അവാർഡ് ഇത്തവണ തഴവ സ്വദേശി മണപ്പള്ളി സന്തോഷിനും ലഭിച്ചു. ഈ മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തെ സംഭാവനകൾ പരിഗണിച്ചാണ് അക്കാദമി അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. തഴവയിലെ ഒരു കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച സന്തോഷ് നാടൻ കർഷകരുടെ ശീലങ്ങൾ കണ്ടും, ശീലുകൾ കേട്ടുുമാണ് ജീവിതം ആരംഭിച്ചത്. ഓണാട്ടുകരയിലെ സമ്പൂർണ കർഷക ഗ്രാമമായിരുന്ന തഴവയിൽ മണ്ണിന്റെ മണമുള്ള നാടൻപാട്ട്. ആലപിച്ച് ആദ്യമായി ജനശ്രദ്ധ നേടിയതും, നാടൻപാട്ട് സംഘത്തിന് രൂപം നൽകിയതും സന്തോഷാണ്.
1997ൽ പ്രൊഫഷണൽ നാടൻപാട്ട് സംഘം രൂപീകരിച്ച് രംഗത്തെത്തിയ സന്തോഷ് നൂറ് കണക്കിന് ഉത്സവവേദികളിൽ നിറഞ്ഞു പാടി. നിരവധി നാടകങ്ങൾ, ടെലിവിഷൻ സീരിയലുകൾ, നാലോളം സിനിമകൾ എന്നിവയിലും സന്തോഷ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.