covid

79 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു

കൊല്ലം: കുന്നത്തൂരിലെ ആരോഗ്യ പ്രവർത്തകയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തഴവയിലെ പാവുമ്പാ പാലമൂട്ടിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നും സ്രവ പരിശോധന നടക്കും. ആരോഗ്യ പ്രവർത്തകയുടെ ഭർത്താവുമായും കുടുംബാംഗങ്ങളുമായും സമ്പ‌ർക്കത്തിലേർപ്പെട്ട പ്രദേശത്തെ 79 പേരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് ശേഖരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സ്രവസാമ്പിളുകളുടെ ഫലം വരാനിരിക്കേ പ്രദേശത്ത് ആരോഗ്യവകുപ്പും പൊലീസും നിരീക്ഷണം ശക്തമാക്കി.

മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഡോ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തഴവയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കൊവിഡ് സ്ഥിരീകരിച്ച 16 -ാം വാർഡിലെ ഗൃഹനാഥന്റെ കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവായത് ആരോഗ്യപ്രവർത്തക‌ർക്കും നാട്ടുകാ‌ർക്കും ആശ്വാസവാർത്തയായി. രണ്ട് കുടുംബങ്ങളിലായി ഏഴുപേ‌ർക്ക് രോഗബാധയുണ്ടായ കടത്തൂരിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രത തുടരുകയാണ്.

ആരോഗ്യനില തൃപ്തികരം

കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകയുടെയും മകളുടെയും രോഗലക്ഷണങ്ങൾ കുറഞ്ഞു വരുകയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. പ്രദേശത്ത് സാമൂഹ്യവ്യാപനമുണ്ടായിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി ആരോഗ്യപ്രവർത്തകയുമായി സമ്പർക്കപ്പട്ടികയിലുള്ളവർക്ക് പുറമേ കച്ചവടക്കാർ, ആട്ടോ, ടാക്സി ഡ്രൈവർമാർ, പൊതുപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കി വരുകയാണ്.

കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്ത പലരും രോഗ വാഹകരായി മാറുന്നത് കണ്ടെത്തുന്നതിനാണ് പരിശോധന വ്യാപിപ്പിച്ചത്

ഡോ. ജാസ്മിൻ റിഷാദ്

മെഡിക്കൽ ഓഫീസ‌ർ ഇൻ ചാർജ്,

തഴവ പ്രാഥമികാരോഗ്യ കേന്ദ്രം