
രോഗിയായ യുവാവിന്റെ മേൽവിലാസം പന്ത്രണ്ടാം വാർഡിൽ, നിരീക്ഷണത്തിൽ കഴിഞ്ഞത് പത്താം വാർഡിൽ
അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് താമസിച്ച വാർഡിനെ ഒഴിവാക്കി തൊട്ടടുത്ത വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച് അധികൃതർ.
സൗദിയിൽ നിന്നെത്തിയ മുപ്പത്തിയൊന്നുകാരാനായ യുവാവിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയത് മുതൽ ഹോം ക്വാറന്റൈനിലായ യുവാവ് താമസിച്ചത് പത്താം വാർഡിലെ ഒരു വീട്ടിലായിരുന്നു. എന്നാൽ ഇയാളുടെ മേൽവിലാസം രേഖകൾ പ്രകാരം പന്ത്രണ്ടാം വാർഡിലാണ്. ഈ ഒറ്റക്കാരണത്താലാണ് അധികൃതർ ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ കാരണമായതെന്ന് കരുതുന്നു.
ഒരാഴ്ച മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നതിനായി കുടുംബവീട്ടിൽ നിന്ന് കുറച്ചകലെ ഒരു വീട്ടിൽ താമസിച്ച് തുടങ്ങുകയും ചെയ്തു. സ്രവ പരിശോധനാ ഫലം പോസിറ്റിവായതിനെ തുടർന്ന് ഞായറാഴ്ച ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് വരെ യുവാവ് താമസിച്ചത് പത്താം വാർഡിലാണ്. യുവാവിനെ കൃത്യമായി നിരീക്ഷിക്കുന്നതിലും പരിശോധന ഉൾപ്പെടെയുള്ള നടപടികളിലും അധികൃതർക്ക് വീഴച്ചയുണ്ടായില്ലെങ്കിലും കണ്ടെയ്‌ൻമെന്റ് സോൺ നിശ്ചയിക്കുന്നതിൽ പരാജയം സംഭവിച്ചതായാണ് ആക്ഷേപം.
സോൺ നിശ്ചയത്തിൽ പോരായ്മയോ ?
വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടെയ്‌ൻമെന്റ് സോൺ നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമാണെന്നിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. യുവാവ് താമസിച്ച സ്ഥലത്ത് നിന്ന് രണ്ടര കിലോമീറ്റർ മാറിയാണ് പന്ത്രണ്ടാം വാർഡ് തുടങ്ങുന്നത്. യുവാവ് താമസിച്ചിരുന്ന പത്താം വാർഡും കണ്ടെയ്‌ൻമെന്റ് സോണായി മാറിയ പന്ത്രണ്ടാം വാർഡും പ്രാക്കുളം പ്രധാന റോഡിന്റെ ഇരുവശമാണെന്നതും പ്രത്യേകതയാണ്. പതിനൊന്നാം വാർഡിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഏക റോഡാണിത്. രണ്ട് വാർഡുകളും ഒന്നിച്ച് കണ്ടെയ്‌ൻമെന്റ് സോണായാൽ പതിനൊന്നാം വാർഡിലുള്ളവർ പൂർണമായും ഒറ്റപ്പെടും.
ഈ മൂന്ന് വാർഡുകളിൽ മറ്റാർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതേ പഞ്ചായത്തിലെ ഏഴും എട്ടും വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായതിനെ തുടർന്ന് തൊട്ടടുത്തുള്ള ഒൻപതാം വാർഡുകാർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി കണ്ടെയ്‌ൻമെന്റ് സോൺ നിശ്ചയിക്കുന്ന രീതികൾക്ക് മാറ്റമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.