raju-minister
അഡ്വ. കെ. രാജു

അഞ്ചൽ:ഔദ്യോഗിക വസതിയിൽ ക്വാറന്റൈനിൽ കഴിയുന്ന മന്ത്രി കെ. രാജുവിന് തിരക്കൊഴിഞ്ഞിട്ട് നേരമില്ല. സ്വന്തം മണ്ഡലത്തിലെ കുളത്തൂപ്പുഴ, ചോഴിയക്കോട്ട് പ്രവർത്തനം ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പങ്കെടുത്ത ഒരു പൊതു പ്രവർത്തകനും അഞ്ചൽ ഈസ്റ്റ് സ്കൂളിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പോയത്

നിർദ്ദേശങ്ങൾ വീഡിയോ കോൺഫറൻസിലൂടെ

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ ചുമതലയാണ് മന്ത്രിക്ക് നൽകിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഈ ജില്ലയിൽ കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് കൊവിഡ് മുക്ത ജില്ല ആക്കുന്നതിനും മന്ത്രിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിയതോടെയാണ് ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചത്. മിക്ക ദിവസങ്ങളിലും പത്തനംതിട്ടയിൽ പോയി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വം നൽകിയിരുന്നു . എന്നാൽ ഇപ്പോൾ ജില്ലാ കളക്ടർ, പൊലീസ്, ആരോഗ്യവകുപ്പ് മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെയാണ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത്. മണ്ഡലത്തിലെ കൊവിഡ് നിയന്ത്രിത പ്രവർത്തനങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

വനം-വന്യജീവി, ക്ഷീരം, മൃഗസംരക്ഷണം, മൃഗശാല തുടങ്ങിയവയുടെ ചുമതലയുളള മന്ത്രി എല്ലാ ദിവസവും വകുപ്പ് മേധാവികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

മാറിനിൽക്കുക പ്രയാസം

രാഷ്ട്രീയ പ്രവർത്തകൻ, അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള തനിക്ക് ആളുകളിൽ നിന്നും കൂടുതൽ ദിവസം മാറിനിൽക്കുക പ്രയാസമാണെന്നാണ് മന്ത്രി രാജു പറയുന്നത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാൽ വീണ്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനത്തിൽ സജീവമാകുമെന്നും മന്ത്രി പറയുന്നു. ക്വാറന്റൈനിൽ പോകുന്നതിന്റെ തലേന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.ഡി.ഒ., തഹസിൽദാർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ ഒരു യോഗം പുനലൂരിൽ വിളിച്ചുചേർത്തിരുന്നു. 1200 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സജീകരിക്കണമെന്ന് നിർദ്ദേശം നൽകിയത് ഈ യോഗത്തിലാണ്.