കൊല്ലം: കൂട്ടിലെ കമ്പിവലയ്ക്കിടയിൽ കുടുങ്ങി കൈയൊടിഞ്ഞ ഇഗ്വാനയ്ക്ക് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തി. കല്ലമ്പലത്ത് ഗ്രാൻഡ് എക്സോട്ടിക് പെറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ഇർഫാന്റെ മൂന്നു ഇഗ്വാനകളിലൊന്നിനാണ് അപകടം സംഭവിച്ചത്.
വലതുകൈ ഒടിഞ്ഞ നിലയിൽ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച ഇഗ്വാനയെ എക്സ്റേ പരിരോധന നടത്തിയപ്പോഴാണ് എല്ല് പൂർണമായും തകർന്ന നിലയിലാണെന്ന് മനസിലായത്. ഉടൻ തന്നെ അനസ്തീഷ്യ നൽകി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മൂന്നു മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജനായ ഡോ. സജയ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. നിജിൻ ജോസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. അജിത് ബാബു എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
2 വയസുള്ള റാംബോ
രണ്ടു വയസുള്ള റാംബോ എന്നു പേരിട്ട പല്ലിയിനത്തിൽപ്പെട്ട വിദേശയിനം അരുമയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയാണ് സുഖപ്പെടുത്തിയത്. അതിസങ്കീർണമായ ഒടിവായതിനാൽ ഇൻട്രാ മെഡുല്ലറി പിന്നിംഗിനോടൊപ്പം എക്സ്റ്റേർണൽ കൊ ആപറ്റേഷനും ചെയ്യേണ്ടി വന്നു.