ci

ശാസ്‌താംകോട്ട: കേരളകൗമുദി ശാസ്‌താംകോട്ട ലേഖകൻ എസ്.നവാസിനെ തെക്കുംഭാഗം സി.ഐ ആർ.രാജേഷ് പൊതു നിരത്തിൽ വച്ച് കൈയേറ്റം ചെയ്തു. ഇന്നലെ രാവിലെ ഒമ്പതിന് കോവൂർ തോപ്പിൽ മുക്കിലെ കടയുടെ മുമ്പിൽ നിൽക്കുകയായിരുന്ന നവാസിനെ ജീപ്പിന് സമീപത്തേക്ക് വിളിച്ച് വരുത്തിയ സി.ഐ അസഭ്യം വിളിച്ച് കൊണ്ട് കൈയേറ്റം ചെയ്യുകയായിരുന്നു. എന്തിനാണ് കൈയേറ്റം ചെയ്യുന്നതെന്ന് പറയാതെ നവാസിന്റെ ഫോണും പിടിച്ച് വാങ്ങി. നവാസിനെ സി.ഐ മർദിക്കുന്നത് കണ്ട് ആളു കൂടിയതോടെ ജീപ്പിൽ നിന്നിറങ്ങിയ സി.ഐയോട്, നിങ്ങൾ എന്തിനാണ് കൈയേറ്റം ചെയ്യുന്നതെന്ന് നവാസ് ചോദിച്ചു. മണൽ തൊഴിലാളിയാണെന്ന് തെറ്റിദ്ധരിച്ചെന്നും ആളെ തിരിച്ചറിഞ്ഞില്ലെന്നുമായിരുന്നു സി.ഐയുടെ മറുപടി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്ക് നവാസ് പരാതി നൽകി. തെക്കുംഭാഗം പൊലീസ് സ്റ്റേഷന്റെ അധികാര പരിധിക്ക് പുറത്ത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വെച്ചായിരുന്നു സംഭവം.

 സി.ഐയ്ക്കെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ

അധികാര ദുർവിനിയോഗവും അതിക്രമവും നടത്തിയ തെക്കുംഭാഗം സി.ഐയ്ക്കെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ പടിഞ്ഞാറെ കല്ലട വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.

 പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി കളക്ടർ

ജില്ലാ കളക്ടർ ബി.അബ്ദുൽനാസറിന് ലഭിച്ച പരാതി അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ടി.നാരായണന് കൈമാറി. കൊല്ലം റൂറൽ പൊലീസിന്റെ അധികാര പരിധിയിൽ വെച്ചാണ് സിറ്റി പൊലീസിന്റെ ഭാഗമായ തെക്കുംഭാഗം സി.ഐ അക്രമം നടത്തിയത്. ഇത് സംബന്ധിച്ച് കൊല്ലം റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.