kottarakkara
കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ വെള്ളക്കെട്ട്

കൊട്ടാരക്കര: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിൽ കൊട്ടാരക്കര ടൗണും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി.മാർക്കറ്റ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ട് ടൗണിലെ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി. പുലമൺ ജംഗ്ഷൻ, കരിക്കം ഐപ്പള്ളൂർ, കുന്നക്കര ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മാർക്കറ്റ് ജംഗ്ഷനിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശ നഷ്ടമുണ്ടായി.ഷാജഹാന്റെ കപ്പലണ്ടിക്കട, സജീവിന്റെ ക്രസന്റ് കാപ്പിപ്പൊടി കട ജോൺസന്റെ ജെ.ജെ. ആയുർവേദിക്സ്, വിജയന്റെ രോഹിണി ബേക്കറി തടങ്ങിയ സ്ഥാപനങ്ങൾക്കാണ് കൂടുതൽ നാശ നഷ്ടമുണ്ടായത്. തൃക്കണ്ണമംഗൽ ചെട്ടിമുട്,ചേരൂർ ഭാഗത്തും വെള്ളക്കെട്ടുണ്ടായി.
മാർക്കറ്റ് ജംഗ്ഷനിൽ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് തടയാൻ നാലുമാസം മുമ്പാണ് ടൗണിലെ ഓടകൾ തെളിച്ചതും സ്ലാബുകൾ പാകിയതും . എന്നിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടായിട്ടില്ല. സ്ളാബുകൾ നിരത്തി ടൈലുകൾ പാകിയതോടെ പല ഭാഗങ്ങളിൽ നിന്നു ടൗണിലേക്ക് ഒഴുകിയെത്തുന്ന വെള്ളക്കെട്ടിനു ഓടയിലേക്ക് ഒലിച്ചിറങ്ങുവാൻ സാധിക്കാതെയായി. ചെറിയ മഴ പെയ്താൽ പോലും ഒരു മണിക്കൂറോളം ടൗൺ വെള്ളക്കെട്ടിലാകും. .ഇരു ചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതു വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു.