c
നാണയം വിഴുങ്ങി മരിച്ച പൃഥ്വിരാജിന്റെ മൃതദേഹം പരവൂർ പൂതക്കുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ നന്ദിനി

കൊല്ലം: ആരുടെയും ഞെഞ്ച് പൊടിഞ്ഞുപോകും ആ കാഴ്ച കണ്ടാൽ. സർവം തകർന്നൊരമ്മ, തൊട്ടടുത്ത് ഞെട്ടറ്റ പനിനീർ പൂവ് പോലെ പൊന്നുമോനും. കണ്ണീരുണങ്ങിയ അമ്മയുടെ മുഖത്ത് വല്ലാത്തൊരു നൊമ്പരപ്പാടുണ്ട്. കർക്കിടക മഴയ്ക്ക് മുന്നേയുള്ള കാർമേഘ സമാനമാണ് അവിടെ കണ്ട മുഖങ്ങളിലെ മരവിപ്പ്. ആലുവയിൽ നിന്ന് കൊല്ലത്തെത്തിയ പൃഥ്വിയുടെ മൃതദേഹം പതിനഞ്ച് മിനിട്ടിനുള്ളിൽ അമ്മൂമ്മയുടെ വീട്ടുവളപ്പിലെ മണ്ണിൽ മറഞ്ഞു.
വൈകിട്ട് മൂന്നേകാലോടെയാണ് ആ പിഞ്ചോമനയുടെ മൃതദേഹമെത്തിയത്. നാട്ടുകാരും ബന്ധുക്കളുമൊക്കെയായി അമ്പതോളം പേർ വീട്ടുവളപ്പിലുണ്ടായിരുന്നു. ഭാരം കുറഞ്ഞൊരു കുഞ്ഞു പൂമെത്തയുടെ ലാഘവത്തോടെ ശവപ്പെട്ടി ഇറക്കിവച്ചു. മൂന്ന് മിനിട്ട് മാത്രം അന്ത്യോപചാരം. ചേതനയറ്റ നിഷ്‌കളങ്കമായ ആ കുഞ്ഞുശരീരം കണ്ട് പലരും നിലതെറ്റിപ്പോയി. കരഞ്ഞുതളർന്ന് കണ്ണീരുണങ്ങിയ അമ്മയും അർദ്ധബോധാവസ്ഥയിലായിരുന്നു.

കരഞ്ഞ് തളർന്ന് അമ്മ

പൃഥ്വിയെ സംസ്കരിക്കുന്നത് കാണാൻ അമ്മ നന്ദിനിക്ക് കരുത്തില്ലായിരുന്നു. പൃഥ്വിയിലേയ്ക്ക് സ്വന്തം പൃഥ്വി മടങ്ങുന്നത് ചലനമറ്റ് അമ്മ കണ്ടുനിന്നു. അപ്പോഴേയ്ക്കും നിവർന്നുനിൽക്കാൻ പോലുമാവാതെ അവർ തളർന്നുവീണിരുന്നു. വീഴാതെ പിടിച്ചവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. കൂടെ നിന്നവർ നന്ദിനിയെ കോരിയെടുത്ത് അകത്തുകിടത്തി. നിമിഷങ്ങൾക്കകം പ്രത്യേക കർമ്മങ്ങളൊന്നുമില്ലാതെ കുഞ്ഞിനെ അടക്കം ചെയ്തു.

''ഈ അനീതിക്കെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും''

ഈ അനീതിക്കെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും. ഈ കുഞ്ഞിന് കൃത്യമായി ചികിത്സ കൊടുക്കാത്തവർക്കെതിരെ നടപടിയെടുപ്പിക്കാതെ ഇനി പിന്നോട്ടില്ല..! അടുത്ത ബന്ധുവിന്റെ വാക്കുകളിൽ പ്രതിഷേധത്തീ കത്തി. ചടങ്ങ് നടക്കുമ്പോൾ കാര്യമായി ജനപ്രതിനിധികളോ പൊലീസിന്റെ സാനിദ്ധ്യമോ ഉണ്ടായിരുന്നില്ല. കൊവിഡ് ചട്ടക്കൂടിനുള്ളിലെ ചിട്ടവട്ടങ്ങളിൽ ചടങ്ങുകളൊന്നുമില്ലാതെ പൃഥ്വി മൺമറഞ്ഞപ്പോൾ നാട്ടുകാരുടെ മുഖത്ത് രോഷവും സങ്കടവും അലയടിക്കുകയായിരുന്നു.