ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 57 പേർക്ക്
ജയിൽ സൂപ്രണ്ട് അടക്കം 17 ഉദ്യോഗസ്ഥർ നീരീക്ഷണത്തിൽ
കൊല്ലം: ഇന്നലെ 43 അന്തേവാസികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി. ഇതിൽ 56 പേരും ജയിൽ അന്തേവാസികളാണ്. ജയിൽ ജീവനക്കാരിൽ തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ദിവസവും തെർമൽ സ്കാനർ ഉപയോഗിച്ച് തടവുകാരുടെ ശരീരോഷ്മാവ് പരിശോധിക്കാറുണ്ടായിരുന്നു. ശനിയാഴ്ച തെർമൽ സ്കാനർ പരിശോധനയ്ക്കിടെ ഒരു തടവുകാരന് ശരീരോഷ്മാവ് കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് ഈ തടവുകാരനും സെല്ലിൽ ഒപ്പം കഴിഞ്ഞവർക്കും നടത്തിയ ആന്റിജൻ പരിശോധനയിലാണ് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ജീവനക്കാരടക്കം എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയതോടെയാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
ഉറവിടം കണ്ടെത്താനാവുന്നില്ല,
പുതിയ പുള്ളികളെ പ്രവേശിപ്പിക്കില്ല
തടവുകാരിൽ കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ജയിലിൽ പുതിയ അന്തേവാസികളെ പ്രവേശിപ്പിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് നിറുത്തിവച്ചു. റിമാൻഡ് പ്രതികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷിച്ച ശേഷം കൊട്ടാരക്കര, മാവേലിക്കര ജെയിലുകളിൽ എത്തിച്ച് രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാണ് ജില്ലാ ജയിലിലേക്ക് എത്തിക്കുന്നത്. ജില്ലാ ജയിലിലെ കൊവിഡിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് എല്ലാ അന്തേവാസികളുടെയും യാത്രാചരിതം വിശദമായി പരിശോധിച്ച് വരികയാണ്.
83 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
ജയിൽ അന്തേവാസികളിൽ 56 ഒഴികെ ബാക്കിയുള്ള 83 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്രണ്ട് അടക്കം 17 ജീവനക്കാരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ച അന്തേവാസികളുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. അതുകൊണ്ട് തന്നെ എല്ലാവരും ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിരീക്ഷണത്തിലാണ്.
ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു
ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെ ഇപ്പോഴും തുടരുകയാണ്. ജോലി കഴിഞ്ഞ് ഇവർ നഗരത്തിലെ നഴ്സിംഗ് കോളേജ് ഹോസ്റ്റിലിലാണ് തങ്ങുന്നത്. നേരത്തേ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഫലവും നെഗറ്റീവാണ്. എല്ലാ തടവുകാരുടെയും നിലവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും സ്രവ പരിശോധനാ ഫലം വന്നിട്ടില്ല.