കൊല്ലം: കൊട്ടാരക്കരയിൽ നഗരസഭാ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി പരന്ന ആശങ്ക അകന്നു, നഗരസഭാ ചെയർപേഴ്സൺ, തഹസീൽദാർ എന്നിവരടക്കം 42 പേരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ്. കൊട്ടാരക്കര പുലമൺ ബ്രദറൻ ഹാളിൽ തുടങ്ങിയ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരാണ് കഴി‌ഞ്ഞ ദിവസം സ്വയം നിരീക്ഷണത്തിൽ പോയതും ഇന്നലെ പരിശോധന നടത്തിയതും. പി.ഐഷാപോറ്റി എം.എൽ.എയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തിരുന്നത്. എം.എൽ.എയുടെ പരിശോധന ഫലം വരാൻ ഒരു ദിവസം കൂടി വൈകും. 122 പേർക്കാണ് ഇന്നലെ താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ മുസ്ളീം സ്ട്രീറ്റിലെ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. കൊറിയർ സർവീസ് ജീവനക്കാരനായതിനാൽ സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകർ‌ന്നിട്ടുണ്ടാകുമോയെന്ന ആശങ്കയുണ്ട്. കൊറിയർ സർവീസിലെ സഹപ്രവർത്തകരോട് നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല പണയിൽ സ്വദേശികളായ നാല് പേരെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. ഇവർ രോഗ ലക്ഷണം കാട്ടിയതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. സ്രവ പരിശോധന നടത്തിയ ശേഷം മരുന്ന് നൽകി ഇവരെ ഗൃഹനിരീക്ഷണത്തിലാക്കി. പ്രദേശത്തെ കടകൾ അടച്ചിട്ടു. വീടുകളിൽ നിന്നും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം നൽകി.