vallam

ബോട്ടുകൾ വഴിയുള്ള മത്സ്യബന്ധനം ആരംഭിക്കുന്നത് 10ലേക്ക് നീട്ടി

കൊല്ലം: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിലെ ഹാർബറുകൾ, കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നാളെ മുതൽ വള്ളങ്ങൾ കടലിലേക്ക് കുതിക്കും. കൊല്ലം തീരം, നീണ്ടകര ഹാർബർ, പരവൂർ, ഇരവിപുരം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാകും വള്ളങ്ങൾ പോവുക. തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയാകാത്തതിനാൽ ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾ ഈ മാസം 10 മുതലേ കടലിൽ പോകൂ.

ബോട്ടുകളിലെ അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമേ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കൂ. ബോട്ടുകളിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. നിലവിൽ 250 തൊഴിലാളികൾ മാത്രമേ അന്യസംസ്ഥാനത്ത് നിന്ന് എത്തിയിട്ടുള്ളു. ബാക്കിയുള്ളവരെക്കൂടി കൊണ്ടുവരാൻ ബോട്ടുടമകൾ തന്നെ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

മത്സ്യം കറിച്ചട്ടിയിലെത്താൻ ചന്തയിൽ ക്യൂ നിൽക്കണം

നാളെ മുതൽ മത്സ്യബന്ധനം ആരംഭിക്കുമെങ്കിലും പഴയതുപോലെ മീനുമായി കച്ചവടക്കാർ വീടിന് മുന്നിലെത്തില്ല. ചന്തയിൽ ഒരു മീറ്റർ അകലത്തിൽ വരച്ചിട്ടുള്ള വൃത്തത്തിനുള്ളിൽ ക്യൂ നിന്ന് വേണം മത്സ്യം വാങ്ങാൻ. പലയിടങ്ങളിലും മത്സ്യക്കച്ചവടക്കാർ വഴി കൊവിഡ് പടർന്ന സാഹചര്യത്തിലാണ് വീടുവീടാന്തരമുള്ള വിപണനം താത്കാലികമായി നിരോധിച്ചതും കച്ചവടം ചന്തകളിൽ മാത്രമായി പരിമിതപ്പെടുത്തിയതും.

കണ്ടെയ്ൻമെന്റ് സോണുകളിലെ ഹാർബറുകൾ

കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന ഹാർബറുകളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും എത്തുന്ന മത്സ്യം ആ പ്രദേശത്തിനകത്ത് തന്നെ വിൽക്കണം. പുറത്ത് നിന്നുള്ള ആരെയും മത്സ്യം വാങ്ങാൻ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. ഇവിടങ്ങളിൽ വഴിയോരക്കച്ചവടവും പാടില്ല. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചന്തകളിൽ സാമൂഹ്യ അകലവും ശുചിത്വവും ഉറപ്പാക്കാനുള്ള ചുമതല. സ്വകാര്യ വ്യക്തികളെ ഹാർബറുകളിൽ നിന്ന് നേരിട്ട് മത്സ്യം വാങ്ങാൻ അനുവദിക്കില്ല. ടോക്കൺ അടിസ്ഥാനത്തിൽ കച്ചവടക്കാരെ ഹാർബറുകളിൽ പ്രവേശിപ്പിക്കും. ചെറുകിട കച്ചവടക്കാർക്ക് മത്സ്യഫെഡ് ഏറ്റെടുക്കുന്ന മത്സ്യം ഹാർബറിന് പുറത്തുവച്ച് കൈമാറും.

ഹാർബറുകളിൽ ലേലമില്ല

ഹാർബർ മാനേജ്മെന്റ് കമ്മിറ്റി മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്കാകും വില്പന. മത്സ്യത്തിൽ മണൽ കലർത്തുന്നതിനും നിരോധനമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിൽ കൊണ്ടുവരുന്ന മത്സ്യം അതിർത്തി കടത്തിവിടില്ല. രോഗവ്യാപന മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ലോറി ഡ്രൈവർ അടക്കമുള്ള തൊഴിലാളികളെ പൊതുജനങ്ങളുമായി ഇടപഴകാനും അനുവദിക്കില്ല.

മത്സ്യബന്ധനത്തിനും നിയന്ത്രണങ്ങൾ

1. കടലിൽ പോകുന്ന യാനങ്ങളും ഇതിലെ തൊഴിലാളികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

2. ഹാർബറുകളിൽ എത്തുന്നവരെ ആരോഗ്യവകുപ്പ് തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും

3. അന്യസംസ്ഥാന വള്ളങ്ങളെ ഹാർബറുകളിൽ പ്രവേശിപ്പിക്കില്ല

4. പുറപ്പെടുന്ന കേന്ദ്രങ്ങളിൽ തന്നെ യാനങ്ങൾ തിരിച്ച് അടുപ്പിക്കണം

5. അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം

6. രജിസ്ട്രേഷൻ നമ്പരിന്റെ അവസാനത്തെ ഒറ്റ - ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വിവിധ വിഭാഗം യാനങ്ങളെ കടലിൽ പോകാൻ അനുവദിക്കൂ

7. മത്സ്യബന്ധനത്തിന് ശേഷം തിരിച്ച് കൂട്ടത്തോടെ ഹാർബറുകളിൽ എത്തരുത്