അഞ്ചാലുംമൂട്: സ്വാതന്ത്ര്യസമര സേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സുരക്ഷാഭടനുമായിരുന്ന തൃക്കരുവ പ്രാക്കുളം മൂന്നാംകിഴക്കതിൽ പങ്കുപിള്ള (103) നിര്യാതനായി.
ഇരുപതാം വയസിൽ നാടുവിട്ട് നാഗപട്ടണത്തെത്തുകയും തുടർന്ന് കപ്പൽ മാർഗം ക്വാലാലംപൂരിൽ എത്തിയ ഇദ്ദേഹം ജപ്പാൻ യുദ്ധകാലത്ത് കെ.പി. കേശവമേനോനുമായി പരിചയപ്പെട്ടു. ഈ പരിചയമാണ് നേതാജിയുമായുള്ള ബന്ധത്തിന് തുടക്കം കുറിക്കാൻ കാരണമായത്. തുടർന്ന് ഐ.എൻ.എയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനിടെ നേതാജിയുടെ സുരക്ഷാഭടനാകാനും അവസരം ലഭിച്ചു. ബ്രിട്ടീഷ് സൈന്യം ക്യാമ്പ് പിടിച്ചെടുത്ത ശേഷം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ഭവാനിഅമ്മ. മക്കൾ: ഇന്ദിരാഭായി അമ്മ, വസന്തകുമാരി അമ്മ, ശാന്തകുമാരി അമ്മ, ശശികുമാരി അമ്മ, ശ്രീകുമാരി അമ്മ, രഘുനാഥൻ പിള്ള. മരുമക്കൾ: ലക്ഷ്മണൻ പിള്ള, സുരേന്ദ്രൻ പിള്ള, രാമചന്ദ്രൻ പിള്ള, ചന്ദ്രൻ പിള്ള, ബീന.