കുണ്ടറ: റോഡിന് ചുവട്ടിലെ മണ്ണ് മഴയത്ത് ഒലിച്ചുപോയതോടെ മുളവന കട്ടകശേരി - ഇന്ദിരാജി റോഡിന്റെ കട്ടകശേരി ഭാഗം അപകടഭീഷണി ഉയർത്തുന്നു. റോഡിന്റെ കുത്തനെയുള്ള താഴ്ച ഒഴിവാക്കുന്നതിന് മണ്ണിട്ട് നികത്തി ടാറിംഗ് നടത്തിയ ഭാഗത്തെ മണ്ണാണ് മഴയത്ത് ഒലിച്ചുപോയത്. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതോടെ ഒരുഭാഗത്ത് അഗാധമായ ഗർത്തവും രൂപപ്പെട്ടു. വലിയ വാഹനങ്ങൾ ഇതുവഴി പോയാൽ റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ട്.
ആറ് വർഷങ്ങൾക്ക് മുമ്പ് എം.എ. ബേബി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ കട്ടകശേരി ഭാഗത്തെ ഇറക്കം ഒഴിവാക്കുന്നതിന് ഇരുവശങ്ങളിലും ഇരുപതടിയോളം താഴ്ചയിൽ കോൺക്രീറ്റ് ചെയ്ത് മണ്ണിട്ട് നികത്തിയ ശേഷമാണ് ടാറിംഗ് നടത്തിയത്. ഇക്കഴിഞ്ഞ മഴയത്ത് ഇതിൽ ഭൂരിഭാഗം മണ്ണും ഒലിച്ചുപോയി. മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് ഗർത്തമുണ്ടായ ഭാഗത്ത് വാർഡ് അംഗം ശ്രീകലയുടെ നേതൃത്വത്തിൽ നാട്ടുകാർ ചുവന്ന കൊടിനാട്ടി അപകടസൂചന നൽകിയിട്ടുണ്ട്.