photo
പനവേലിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ആംബുലൻസ്

കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ അപകടം. കൊവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കടയ്ക്കലിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് രോഗിയായ കടയ്ക്കൽ സ്വദേശി നാല്പതുകാരൻ, കൊട്ടാരക്കര സ്വദേശിയായ മെയിൽ നഴ്സ് ആദർശ്(25), ഡ്രൈവർ തിരുവനന്തപുരം സ്വദേശി സുൾഫിക്കർ(31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കുകൾ സാരമുള്ളതല്ല. കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കവേയാണ് ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ കൈവരികൾ തകർത്ത് മറിഞ്ഞത്. കൊട്ടാരക്കരയിൽ നിന്നും മറ്റൊരു 108 ആംബുലൻസ് എത്തിയാണ് മൂന്നു പേരെയും താലൂക്കാശുപത്രിയിൽ എത്തിച്ചത്. കൊവിഡ് രോഗിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആംബുലൻസ് മറിഞ്ഞിടത്ത് ആളുകൾ കൂടാതിരിക്കാൻ പൊലീസ് പരിശ്രമിച്ചു. കടയ്ക്കൽ അയിരക്കുഴിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരെ വാളകത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇതിൽ രണ്ടു പേരെ അവിടെ അഡ്മിറ്റ് ചെയ്യുകയും ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുമാണ് നിർദ്ദേശിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.