boat-strike
മത്സ്യബന്ധന നിരോധനം നീട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പരമ്പരാഗത തൊഴിലാളികൾ ശക്തികുളങ്ങര ഹാർബറിന് സമീപം ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചപ്പോൾ

 കൊവിഡ് സ്ഫോടനമുണ്ടാകുമെന്ന് ആശങ്ക

കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ മത്സ്യബന്ധനം പുനരാരംഭിക്കുന്നതിനെ ചൊല്ലി മത്സ്യത്തൊഴിലാളികൾക്കിടയിൽ ഭിന്നത. പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ എത്രയും വേഗം പണിക്കിറങ്ങണമെന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ നിലപാട്. മത്സ്യബന്ധനം പുനരാരംഭിക്കുന്നതോടെ ഉണ്ടാകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം തീരത്ത് കൊവിഡ് വ്യാപനം സൃഷ്ടിക്കുമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.

ഹാർബറുകൾ തുറന്നാൽ കൊവിഡ് സ്ഫോടനം ഉണ്ടാകുമെന്ന് പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ട്. ഇതാണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നതിനെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗമാളുകൾ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയെയും സമീപിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും വള്ളങ്ങളിലും ചെറുബോട്ടുകളിലും പണിക്ക് പോകുന്ന തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനം പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ ഒരുകൂട്ടം തൊഴിലാളികൾ ഇന്നലെ ശക്തികുളങ്ങരയിൽ ചെറുബോട്ടുകൾ കായലിൽ നിരത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 ഇനിയും സഹിക്കണോ ഈ പട്ടിണി ?

കഴിഞ്ഞ മാസം ആറിനാണ് ജില്ലയിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചത്. ട്രോളിംഗ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇത് ബോട്ട് ഉടമകളെയും തൊഴിലാളികളെയും ബാധിച്ചില്ല. പക്ഷെ 31ന് ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും മത്സ്യബന്ധന നിരോധനം നീണ്ടു. ലോക്ക്ഡൗൺ സമയത്ത് ഒരുമാസത്തോളം നീണ്ട നിരോധനത്തിന് ശേഷം കഷ്ടിച്ച് ദിവസങ്ങൾ മാത്രമാണ് ബോട്ടുകൾക്ക് കടലിൽ പോകാനായത്. ഇതിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനം എത്തിയത്. അതുകൊണ്ട് തന്നെ ബോട്ടുകളിലെ തൊഴിലാളികൾ മുൻ വർഷങ്ങളെക്കാൾ ദാരിദ്ര്യത്തിലാണ്. ഇതിനാൽ നിയന്ത്രണ മത്സ്യബന്ധനം എത്രയും വേഗം ആരംഭിക്കണമെന്നാണ് ഒരുകൂട്ടരുടെ ആവശ്യം.