photo
കണ്ണൻ കുട നിർമ്മാണത്തിൽ

കൊല്ലം: കൊവിഡ് ചതിയിൽ സ്കൂൾ പഠനം ഓൺലൈനായതോടെ കണ്ണന്റെ കുട വാങ്ങാൻ കുട്ടികളെത്തിയില്ല. വീൽച്ചെയറിലിരുന്ന് നിർമ്മിച്ച കുടകളും പേപ്പർ പേനയും ലോക്ക് ഡൗൺ കാലത്ത് കണ്ണന് സമ്മാനിച്ചത് കൂടുതൽ ദുരിതങ്ങൾ.

ശരീരത്തിന്റെ ചലനമറ്റെങ്കിലും ജീവിതത്തെ മനോബലം കൊണ്ട് തിരിച്ചുപിടിക്കാനിറങ്ങിയ കൊട്ടാരക്കര പെരുംകുളം സ്വദേശി കണ്ണന് (32) ഈ കൊവിഡ് കാലം പട്ടിണിയുടേതാണ്. 2017ൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കണ്ണന്റെ സുഷുമ്‌ന നാഡിക്ക് ക്ഷതമേറ്റതാണ്. അനങ്ങാൻ പോലുമാകാതെ കിടക്കയിലായിരുന്നു ഒരുപാടുനാൾ. പിന്നീട് പരസഹായത്തോടെ വീൽച്ചെയറിൽ ഇരുത്തിയാൽ കൈകൊണ്ട് ജോലികൾ ചെയ്യാമെന്നായപ്പോഴാണ് കുടയും പേനയും നിർമ്മിക്കാൻ തീരുമാനിച്ചത്.

ഏപ്രിൽ 25ന് 'കണ്ണൻ കുട നിർമ്മിക്കുകയാണ്, ജീവിതത്തിന് തണലാവാൻ' എന്ന തലക്കെട്ടോടെ കണ്ണന്റെ ജീവിത ദുരിതവും കുടയുടെ വിശേഷങ്ങളും കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചു. സ്കൂൾ തുറപ്പിന് മുന്നോടിയായി വന്നുവാങ്ങാമെന്ന് ഒരുപാട് സുമനസുകൾ അറിയിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു കണ്ണനും ഭാര്യ ശില്പയും മക്കളായ ദേവദത്തനും (8) ദേവനന്ദനും (3) അടങ്ങുന്ന കുടുംബം. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നാണ് കുട നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത്.

കൂടുതൽ കുടകൾ നിർമ്മിച്ചു:

വാങ്ങാനാളില്ല

ലോക് ഡൗൺ പ്രതിസന്ധികളെ മറികടന്ന് സാമഗ്രികൾ എത്തിച്ച് കൂടുതൽ കുടകൾ നിർമ്മിച്ചു. പക്ഷെ, സ്കൂൾ തുറപ്പില്ലാതിരുന്നതിനാൽ കണ്ണന്റെ കുടകൾക്കും പേനകൾക്കും ആവശ്യക്കാരുമെത്തിയില്ല. നിർമ്മാണ സാമഗ്രികൾ കടംവാങ്ങിയതൊക്കെ വലിയ ബാദ്ധ്യതയുമായി. കൊവിഡ് നിയന്ത്രണങ്ങളിൽ വീട്ടിലിരിപ്പായവർക്ക് കുട വാങ്ങേണ്ട കാര്യവുമില്ല. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് വയലിൽക്കട ഭാഗത്തെ വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. കൊറിയർ സർവീസ് വഴി ആവശ്യക്കാരന്റെ കൈകളിലേക്ക് കുടയെത്തിക്കാൻ സംവിധാനമുണ്ടെന്ന് കണ്ണൻ പറയുന്നു. ഫോൺ: 9605213313, 8921149491.