ഇരവിപുരം: ബൈക്കിലെത്തി പെട്രോൾ അടിച്ചശേഷം പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചശേഷം കടന്ന സംഘത്തിലെ ഒരാൾ പിടിയിലായി. അക്രമി സംഘത്തിലെ മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വടക്കേവിള പുന്തലത്താഴം നേതാജി നഗർ 49 ചരുവിള വീട്ടിൽ അജിത്താണ് (20) അറസ്റ്റിലായത്. പമ്പ് ജീവനക്കാരനും പുന്തലത്താഴം സ്വദേശിയുമായ ഗോകുലാണ് ആക്രമണത്തിനിരയായത്.
ഞായറാഴ്ച്ച രാത്രി എട്ടരയോടെ അയത്തിൽ ബൈപാസിന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. ബൈക്കിലെത്തി പെട്രോൾ അടിച്ച യുവാക്കൾ പണം നൽകാതെ കടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഗോകുലിനെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചത്. ഇതുകണ്ട് തടയാനെത്തിയ മറ്റ് ജീവനക്കാരെയും പമ്പ് ഉടമയെയും ആക്രമിച്ച ശേഷമാണ് ഇവർ കടന്നുകളഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് ബൈക്കിന്റെ നമ്പരും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാൾ പിടിയിലായത്.