fish

കൊല്ലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം ജില്ലയിലെ ഹാർബറുകൾ, കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നാളെ മുതൽ വള്ളങ്ങൾ കടലിലേക്ക് കുതിക്കും. കൊല്ലം തീരം, നീണ്ടകര ഹാർബർ, പരവൂർ, ഇരവിപുരം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാകും വള്ളങ്ങൾ പോവുക. തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയാകാത്തതിനാൽ ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾ ഈ മാസം 10 മുതലേ കടലിൽ പോകൂ.

ബോട്ടുകളിലെ അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമേ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കൂ. ബോട്ടുകളിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. നിലവിൽ 250 തൊഴിലാളികൾ മാത്രമേ അന്യസംസ്ഥാനത്ത് നിന്ന് എത്തിയിട്ടുള്ളു. ബാക്കിയുള്ളവരെക്കൂടി കൊണ്ടുവരാൻ ബോട്ടുടമകൾ തന്നെ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. മത്സ്യബന്ധനം ആരംഭിക്കുമെങ്കിലും പഴയതുപോലെ മീനുമായി കച്ചവടക്കാർ വീടിന് മുന്നിലെത്തില്ല. ചന്തയിൽ ഒരു മീറ്റർ അകലത്തിൽ വരച്ചിട്ടുള്ള വൃത്തത്തിനുള്ളിൽ ക്യൂ നിന്ന് വേണം മത്സ്യം വാങ്ങാൻ.

കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന ഹാർബറുകളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും എത്തുന്ന മത്സ്യം ആ പ്രദേശത്തിനകത്ത് തന്നെ വിൽക്കണം. പുറത്ത് നിന്നുള്ള ആരെയും മത്സ്യം വാങ്ങാൻ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. ഇവിടങ്ങളിൽ വഴിയോരക്കച്ചവടവും പാടില്ല. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്കാകും വില്പന. മത്സ്യത്തിൽ മണൽ കലർത്തുന്നതിനും നിരോധനമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിൽ കൊണ്ടുവരുന്ന മത്സ്യം അതിർത്തി കടത്തിവിടില്ല. രോഗവ്യാപന മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ലോറി ഡ്രൈവർ അടക്കമുള്ള തൊഴിലാളികളെ പൊതുജനങ്ങളുമായി ഇടപഴകാനും അനുവദിക്കില്ല.