കൊല്ലം: ഉത്ര കൊലക്കേസിൽ കുറ്റപത്രം പൂർത്തീകരണത്തിലേക്ക്, ഈ മാസം ഏഴിന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. എന്തെങ്കിലും തടസമുണ്ടായാൽ പത്താം തീയതിയിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡി.എൻ.എ പരിശോധനയുടെ ഫലവും ഫോറൻസിക് ലാബ് റിപ്പോർട്ടും സൈബർ റിപ്പോർട്ടുമാണ് ലഭിക്കാൻ വൈകിയത്. ഇവ ഇന്ന് ലഭിക്കും. അതോടെ ശാസ്ത്രീയ തെളിവുകളും പൂർത്തിയാകും.
എഴുതി തയ്യാറാക്കിയ മുന്നൂറ് പേജുകളും മറ്റ് റിപ്പോർട്ടുകളും ചേരുന്നതാകും കുറ്റപത്രം. ഇന്ന് വൈകിട്ടോടെ ഇതിന്റെ ആദ്യ പതിപ്പ് പൂർത്തിയാക്കി റൂറൽ എസ്.പി ഹരിശങ്കറിന് നൽകും. വിലയിരുത്തലിന് ശേഷമാകും അന്തിമ കുറ്റപത്രംതയ്യാറാക്കുക. സാധാരണയല്ലാത്ത കൊലപാതകം എന്നതുകൊണ്ടുതന്നെ സമാനതകളില്ലാത്ത അന്വേഷണമാണ് കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയത്. കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിയുന്ന പാമ്പുപിടിത്തക്കാരൻ സുരേഷിനെ മുഖ്യ മാപ്പ് സാക്ഷിയാക്കിയിരുന്നു.