കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒൻപത് ആർ.എസ്.എസ് പ്രവർത്തകരും കുറ്റക്കാരാണെന്ന് പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭിനിവാസിൽ രഞ്ജിത്ത് (31, രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാല സദനത്തിൽ ഷിജു(36), കടവൂർ പരപ്പത്തുവിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ(36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39, പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവരെ ജുഡിഷ്യൽ കസ്റ്റഡിയിലയച്ചു. ശിക്ഷ ഏഴിന് വിധിക്കും. ശിക്ഷയെ സംബന്ധിച്ച വാദം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി.സുരേഷ് കുമാറിന് മുമ്പാകെ പൂർത്തിയാക്കി.
ആദ്യ വിചാരണയ്ക്കൊടുവിൽ 9 പ്രതികൾക്കും കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ഫെബ്രുവരി 10ന് ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണക്കോടതി കേട്ടില്ലെന്ന് വാദിച്ചു. ഇതംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കിയ ശേഷം പ്രതികളുടെ ഭാഗം വിശദമായി കേട്ട് വിധി പ്രഖ്യാപിക്കാൻ പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മൂന്ന് പ്രതികളെ വീതം കോടതി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് നിങ്ങൾ കുറ്റം ചെയ്തതായി കണ്ടെത്തിയെന്ന് അറിയിച്ചത്.
2012 ഫെബ്രുവരി ഏഴിന് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഒരാൾ ദൃക്‌സാക്ഷിയായെത്തി.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര എന്നിവർ ഹാജരായി.
വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആർ.എസ്.എസ് പ്രവർത്തകർ കളക്ടറേറ്റിന് പുറത്ത് സംഘടിച്ചിരുന്നു.