xx

 പത്തനാപുരം ഫയർ‌ സ്റ്റേഷനിലെ ഫയർമാന് സിവിൽ സർവീസ് പരീക്ഷയിൽ 291-ാം റാങ്ക്

കൊല്ലം: അർപ്പണ മനോഭാവത്തിലൂടെയും അശ്രാന്ത പരിശ്രമത്തിലൂടെയും പത്തനാപുരം ഫയർമാൻ സ്റ്റേഷനിലെ ആശിഷ് ദാസ് സിവിൽ സർവീസ് പരീക്ഷയിൽ സ്വന്തമാക്കിയത് 291-ാം റാങ്ക്.

2015 മുതലാണ് ആശിഷിന് സിവിൽ സർവീസ് പരീക്ഷയിൽ ഒരുകൈ നോക്കണമെന്ന ആഗ്രഹം തുടങ്ങിയത്. കഴിഞ്ഞ വർഷം അഭിമുഖത്തിൽ പുറത്തായെങ്കിലും തന്റെ സ്വപ്നം കൈവിടാൻ ആശിഷ് തയ്യാറായില്ല. ഒരുവർഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ മികച്ച റാങ്കോടെ തന്നെ ലക്ഷ്യത്തിലെത്തിയ അഭിമാനത്തിലാണ് ഇപ്പോൾ ആശിഷ്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ആശിഷ് ഒന്നര വർഷത്തോളം അവധിയെടുത്ത് സിവിൽ സർവീസ് അക്കാഡമി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പരിശീലനത്തിൽ പങ്കെടുത്താണ് ആരും കൊതിക്കുന്ന വിജയം കൈവെള്ളയിലാക്കിയത്.

സൗദിയിൽ നഴ്സായ ഭാര്യ സൂര്യയയും ഏഴ് മാസം പ്രായമുള്ള മകൾ അമേയയുമാണ് ആശിഷിന്റെ ലോകം. ഇന്നലെ പത്തനാപുരം ഫയർ സ്റ്റേഷനിൽ ഡ്യൂട്ടിയ്ക്കിടെയാണ് സിവിൽ സ‌ർവീസ് പരീക്ഷയുടെ ഫലം അറിഞ്ഞത്. തുടർന്ന് മന്ത്രിമാർ, ജില്ലാ കളക്ടർ, ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എന്നിവരുൾപ്പെട്ടവരുടെ ആശംസാ പ്രവാഹമായിരുന്നു.

 ആശിഷ് ഒരു ശരാശരി വിദ്യാർത്ഥി

കൊല്ലം മുഖത്തല ആശിഷ് ഭവനിൽ യേശുദാസന്റെയും റോസമ്മയുടെയും ഏകമകനായ ആശിഷ് ദാസ് സ്കൂൾ, കോളേജ് തലങ്ങളിൽ ശരാശരി വിദ്യാർത്ഥിയായിരുന്നു. കാഞ്ഞിരകോട് സെന്റ് ആന്റണീസിൽ നിന്ന് പ്ളസ്ടു പാസായ ഇദ്ദേഹം പിന്നീട് ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായി. പഠനത്തിനിടെ എഴുതിയ ഫയർമാൻ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ വന്ന ആശിഷ് ദാസ് 2012ലാണ് ഫയർമാനായി ജോലിയിൽ പ്രവേശിച്ചത്.

ഫയർഫോഴ്സ് ട്രെയിനിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചപ്പോഴുണ്ടായ ആത്മവിശ്വാസമാണ് കൂടുതൽ വിജയങ്ങൾ വെട്ടിപ്പിടിക്കണമെന്ന മോഹത്തിന് കാരണമായത്. തുടർന്നാണ് സിവിൽ സർവീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്.

 ഐ.എ.എസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.പി.എസാണ് ലഭിക്കുന്നതെങ്കിൽ ഇംപ്രൂവ് ചെയ്യാനാണ് തീരുമാനം. കഴിവും അറിവും എല്ലാവർക്കും ഒരുപോലെയാണ്. ലക്ഷ്യം കാണുംവരെ പരിശ്രമിച്ചാൽ വിജയം ആർക്കും അപ്രാപ്യമല്ല.

ആശിഷ് ദാസ്