 
തഴവ: പ്രതാപകാലത്ത് രണ്ടുകെട്ടുവള്ളങ്ങൾ ഒരേസമയം കടന്നുപൊയ്ക്കോണ്ടിരുന്ന പാറ്റോലിത്തോട് ഇപ്പോൾ കണ്ടാൽ ആരുമൊന്ന് മൂക്കത്ത് വിരൽ വെക്കും. മെലിഞ്ഞ് മെലിഞ്ഞ് കൈത്തോടുപോലെയായിരിക്കുന്നു. ഒട്ടും നീരൊഴുക്കുമില്ല. കായംകുളം , കരുനാഗപ്പള്ളി മാർക്കറ്റുകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രധാന ജലപാതയായിരുന്നു പാറ്റോലിത്തോട്. തോടിന്റെ ഇരുവശങ്ങളും സ്വാകര്യവ്യക്തികൾ കയ്യേറുകയും തോടിനെ മാലിന്യം തള്ളാനുള്ള ഉപാധിയായി കണക്കാക്കുകയും ചെയ്തിരിക്കുകയാണ്. പാറ്റോലിത്തോടിന്റെ തകർച്ചയുടെ കാരണവും ഇതുതന്നെ.
കർഷകരുടെ ആശ്രയം
കുലശേഖരപുരം, തഴവ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന തോട് പൂർണമായും കുലശേഖരപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കുലശേഖരപുരം കുറുങ്ങപ്പള്ളി, കടത്തൂർ ,മണ്ണടിശ്ശേരി, പുന്നകുളം വാർഡുകളിലെ വിവിധ പാടശേഖരങ്ങളിൽ പതിറ്റാണ്ടുകളായി കൃഷിയിറക്കിയിരുന്നത് പാറ്റോ ലിത്തോട്ടിലെ നീരൊഴുക്കിനെ ആശ്രയിച്ചായിരുന്നു. എന്നാൽ സംരക്ഷണ നടപടികൾ ഇല്ലാതായതോടെ ഒഴുക്ക് തടസപ്പെട്ട് ഏക്കറുകണക്കിന് നെൽവയലുകളാണ് കൃഷിയോഗ്യമല്ലാതായി മാറിയത്.
സംരക്ഷിക്കാൻ ആരുമില്ല
തോട് സംരക്ഷിക്കുവാൻ നടപടി വേണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2018ൽ റവന്യൂ വകുപ്പ് , കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി തോട് അളന്ന് തിട്ടപ്പെടുത്തുകയും ഇരുവശവും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. പതിനൊന്ന് മുതൽ പതിനെട്ട് മീറ്റർ വരെ തോടിന് വീതി കണ്ടെത്തിയെങ്കിലും നീരൊഴുക്ക് സുഗമമാക്കുന്നതിനോ, പാർശ്വഭിത്തികൾ കെട്ടുന്നതിനോ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
മണ്ണൊലിപ്പ് മാറ്റണം
സംരക്ഷണഭിത്തിയില്ലാത്തതിനാൽ മഴക്കാലത്ത് മണ്ണൊലിച്ചിറങ്ങിയതും നീരൊഴുക്കിന് തടസമായി.വൻ തോതിലുള്ള മണ്ണൊലിപ്പ് കാരണം പല ഭാഗത്തും തോട് നികന്ന അവസ്ഥയാണ് ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് സമീപവാസികൾക്ക് ഭീഷണിയായിരിക്കുകയാണ്. കൂടാതെ അഴുകിയ മാലിന്യങ്ങളുടെ ദുർഗന്ധവും കൊതുക് ശല്യവും ആരോഗ്യ ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ലക്ഷക്കണക്കിന് രൂപയുടെ ഫലവൃക്ഷങ്ങളാണ് തോടിന് ഇരുവശവുമായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളത്. തുടർച്ചയായ മണ്ണൊലിപ്പ് കാരണം മഴക്കാലത്ത് ഇവ കടപുഴകി വീഴുന്നതും സമീപവാസികൾക്ക് ഭീഷണിയാകുകയാണ്.
ത്രിതല പഞ്ചായത്തിലെ സംയോജിത പദ്ധതിയിലൂടെയേ പാറ്റോലിത്തോടിനെ സംരക്ഷിക്കാൻ കഴിയു. തോടിന് പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കുന്നതിനും നീരൊഴുക്കിന് ആവശ്യമായ സ്ഥലം കഴിച്ചുള്ളത് വിവിധ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും സമഗ്രമായ പദ്ധതി വേണം. കെ.എസ്.പുരം സുധീർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ( പുന്നക്കുളം വാർഡ് സ്വദേശി )
കുറുങ്ങപ്പള്ളി ഉൾപ്പടെയുള്ള പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിലെ ഏക്കർ കണക്കിന് കൃഷി സ്ഥലം ഉപയോഗശൂന്യമായത് പാറ്റോലിത്തോടിന്റെ നാശം കാരണമാണ്. തോടിന് സംരക്ഷണ ഭിത്തി കെട്ടിനീരൊഴുക്ക് സുഗമമാക്കുവാൻ അടിയന്തിര നടപടി വേണം പി.പ്രസന്നൻ. ഗ്രാമ പഞ്ചായത്ത് അംഗം ,കുറുങ്ങപ്പള്ളി.