jayan

പ്രതികളെ കേട്ടത് മൂന്ന് കോടതികൾ

കൊല്ലം: കടവൂർ ജയൻ വധക്കേസിലെ വിചാരണക്കോടതിക്കെതിരെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് തുടക്കം മുതൽ പ്രതിഭാഗം നടത്തിയത്. 2019 ജൂൺ 27ന് കൊല്ലം നാലാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ച് ഏറെ വൈകാതെ പ്രതികൾ കോടതിക്കെതിരെ തിരിയുകയായിരുന്നു. തങ്ങളുടെ വാദങ്ങൾ വിചാരണക്കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഹർജിയുമായി പ്രതികൾ രണ്ട് തവണയാണ് ഹൈക്കോടതി കയറിയത്. രണ്ട് തവണയും ഹൈക്കോടതി ഹർജികൾ തള്ളിയതോടെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചു. അതും ഹൈക്കോടി തള്ളിയതോടെയാണ് വിചാരണ പൂർത്തീകരിച്ച് വിധി പ്രഖ്യാപനത്തിലേക്ക് കോടതി കടന്നത്. 2020 ഫെബ്രുവരി ഒന്നിന് വിചാരണക്കോടതി ജഡ്‌ജി എസ്. കൃഷ്ണകുമാർ കൊല്ലത്തെ തന്റെ അവസാന പ്രവൃത്തി ദിനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. വിധി അനുകൂലമാകില്ലെന്ന ധാരണയിൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനൊപ്പം പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും കണ്ടെത്താനായില്ല.

കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ. സുജിത്ത് നാലിനും ഏഴിനും കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് 14 ലേക്ക് മാറ്റുകയായിരുന്നു. 10ന് പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

വിചാരണ കോടതിക്കെതിരെ

ഒന്നാം പ്രതി വിനോദ് നൽകിയ ഹർജി തള്ളിയ ശേഷമാണ് ജഡ്‌ജി കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്.

വിചാരണയിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ഹർജിയുമായി ഒരാഴ്ചയ്ക്കക്കം ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി അവർക്ക് പറയാനുള്ളത് കേൾക്കാൻ പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. പ്രതികൾക്ക് പറയാനുള്ളത് തുറന്ന കോടതിയിൽ അഞ്ച് ദിവസം കേട്ടു. അതിന് ശേഷമാണ് പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജി സി. സുരേഷ് കുമാർ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന്റെയും വിചാരണയുടെയും നാൾ വഴികൾ

2012 ഫെബ്രുവരി 7: തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റി പിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം റോഡിൽ വെട്ടിക്കൊലപ്പെടുത്തി 2016: കേസിൽ കുറ്റപത്രം സമർപ്പിച്ചു 2019 ജൂൺ 27 : വിചാരണ നാലാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ആരംഭിച്ചു  തങ്ങളുടെ വാദങ്ങൾ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ല, വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളുയർത്തി മൂന്ന് ഹാർജികൾ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകി. ഹർജികളെല്ലാം ഹൈക്കോടതി തള്ളി 2020 ഫെബ്രുവരി 1- ഒമ്പത് പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. പ്രതികൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽപ്പോയി.  ഫെബ്രുവരി 4 - രണ്ടാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കാൻ കേസ് പരിഗണിച്ചു. പ്രതികൾ ഹാജരായില്ല. പ്രതികളെ ഹാജരാക്കിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ജാമ്യക്കാർക്ക് മുന്നറിയിപ്പ്  ഫെബ്രുവരി 7: പ്രതികൾ ഹാജരായില്ല. കേസ് 14ലേക്ക് മാറ്റി  ഫെബ്രുവരി 10: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പുലർച്ചെ പ്രതികളുടെ കീഴടങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു  ഫെബ്രുവരി 17: വിചാരണയിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കുറ്റവാളികൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി.  ഫെബ്രുവരി: പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ ഭാഗം കേട്ട് വിധി പറയാൻ കൊല്ലം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി  ആഗസ്റ്റ് നാല്: പ്രതി ഭാഗത്തിന്റെ വാദം അഞ്ച് ദിവസം വിശദമായി കേട്ട ശേഷം 9 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ ഏഴിന് വിധിക്കും.