കൊല്ലം: മകൻ മരിച്ച് ഒരു വർഷം തികഞ്ഞ നാൾ തന്നെ അച്ഛനെയും കാലം ഏറ്റുവാങ്ങി. കരിക്കോട് അഭിലാഷ് ഭവനിൽ ഉല്ലാസാണ് (55) ഇളയമകൻ അഖിലേഷിനടുത്തേക്ക് യാത്രയായത്.
ബൈപ്പാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഖിലേഷ് കഴിഞ്ഞ വർഷം ആഗസ്റ്റ് 4ന് രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. അഖിലേഷിന്റെ ആണ്ട് പ്രമാണിച്ച് അനാഥാലയത്തിൽ ഭക്ഷണം നൽകാനായി ഉല്ലാസ് പോകാനിരുന്നതാണ്. രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും 11 മണിയോടെ മരിക്കുകയായിരുന്നു. ചിത്രകാരൻ കൂടിയായ അഖിലേഷിന്റെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്തിരുന്നു. ഉല്ലാസാണ് കരൾ പൊട്ടുന്ന വേദനയ്ക്കിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു വൃക്കയും കരളും കൊല്ലം നഗരത്തിലെ ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്ക തിരുവനന്തപുരം മെഡി. കോളേജിലെ രോഗിക്കുമാണ് നൽകിയത്. അഭിലാഷാണ് മൂത്തമകൻ, ഭാര്യ: സാവിത്രി, സംസ്കാരം കഴിഞ്ഞു.