tatoo

ടാറ്റൂ ചെയ്യാത്തവരായി ഇപ്പോൾ ചുരുക്കം ചിലരേകാണൂ. ടാറ്റു ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും വീട്ടുകാർ കണ്ടാൽ പിന്നെ വീട്ടിൽ കയറ്റില്ല എന്ന് പേടിച്ച് ചെയ്യാത്തവരുണ്ട്. അങ്ങനെയുള്ളവർക്ക് ആരും കാണാതെ വായയുടെ ഉള്ളിൽ പച്ചകുത്താം. ബെൽജിയൻ ടാറ്റൂ ആർട്ടിസ്റ്റ് ആയ ഇൻഡി വോറ്റിൻ ആണ് ഇതിന്റെ സ്പെഷ്യലിസ്റ്റ്. സാധാരണ ടാറ്റൂ ചെയ്യാറുള്ള ശരീരഭാഗങ്ങളോടൊന്നും ഇയാൾക്ക് വലിയ താത്പര്യമില്ല. വിരലുകളുടെ നടുക്ക്, ചെവിക്ക് പുറകിൽ ഒക്കെ ടാറ്റൂ സൃഷ്ടിക്കുന്നതാണ് രസം.

എന്നാൽ ഇൻഡി, ഫേമസ് ആയത് മറ്റൊന്നിനാണ്, ആളുകളുടെ വായുടെ ഉള്ളിൽ മുകൾ ഭാഗത്ത് കൈകൊണ്ട് പച്ചകുത്തുക. അഞ്ച് വർഷമായി ഇൻഡി ഇങ്ങനെ വായുടെ ഉള്ളിൽ ടാറ്റൂ ചെയ്യുന്നു. ടാറ്റൂ ഡെന്റിസ്റ്റുകൾക്ക് മാത്രമേ കണ്ടാസ്വദിക്കാൻ പറ്റൂ എങ്കിലും ഒട്ടേറെ ആളുകൾക്ക് ഈ രഹസ്യ ടാറ്റൂ ഒത്തിരി ഇഷ്ടമാണ്. ടാറ്റൂ ചെയ്യുമ്പോൾ എന്റെ കസ്റ്റമർക്ക് വേദനിക്കില്ലേ എന്ന് ചിന്തിക്കാറുണ്ട്. എന്നാൽ 90 ശതമാനം ആളുകൾക്കും വേദന ഇല്ല, അല്ലെങ്കിൽ സഹിക്കാൻ പറ്റുന്ന വേദനയേ ഉള്ളൂവെന്ന് പറയാറുണ്ട്- ഇൻഡി പറഞ്ഞു. മറ്റ് 10 ശതമാനം പേർക്കും വാ കുറെ നേരം തുറന്ന് പിടിക്കുമ്പോൾ ഉണ്ടാകുന്ന താടിയെല്ലുകളുടെ പേശിവേദനയെക്കുറിച്ചാണ് പരാതി. വായുടെ ഉള്ളിൽ ടാറ്റൂ ചെയ്താൽ എരിവുള്ള ഭക്ഷണവും മദ്യവും കഴിക്കരുത് എന്നും ഇൻഡി ഉപദേശിക്കുന്നു.