bjp-corporation
മേയറുടെ രാജി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ നിന്ന് വാക്ക്ഔട്ട് നടത്തിയ ബി.ജെ.പി കൗൺസിലർമാരായ ഷൈലജ, തൂവനാട്ട് സുരേഷ് കുമാർ എന്നിവരെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്നു

 മേയർക്കെതിരെ സി.പി.എമ്മും രംഗത്ത്

 പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി

കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.എം അംഗങ്ങളും യോഗത്തിൽ മേയർക്കെതിരെ രംഗത്തെത്തി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പദ്ധതി മിനിട്സ് തിരുത്തി അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്കും ബഹളവും. യു.ഡി.എഫിലെ എം.എസ്. ഗോപകുമാറാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. തൊട്ടുപിന്നാലെ പ്രതിപക്ഷ കൗൺസിലർമാരായ ബി. പ്രശാന്ത്, ഉദയസുകുമാരൻ, ബി. അജിത്കുമാർ, മീനാകുമാരി എന്നിവരും രംഗത്തെത്തി.

മിനിട്സ് തിരുത്തിയ സംഭവം ലജ്ജാവഹമാണെന്ന് ബി.ജെ.പി അംഗം തൂവനാട്ട് സുരേഷ് കുമാർ പറഞ്ഞു. നഗരസഭയുടെ സ്ഥലങ്ങളിൽ കൈയേറ്റം വ്യാപകമായിട്ടും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. ചർച്ചയ്ക്ക് മേയർ മറുപടി പറഞ്ഞുതുടങ്ങിയതോടെ പ്രതിഷേധവുമായി സി.പി.എം അംഗങ്ങളും രംഗത്തെത്തി.

 '' മിനിട്സ് തിരുത്തലുമായി ബന്ധപ്പെട്ട് മേയർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മിനിട്സ് തയ്യാറാക്കിയത് ക്രമക്കേടാണ് ''

എം.എ. സത്താർ (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)

 "മിനിട്സ് തിരുത്തുമ്പോൾ കൗൺസിൽ യോഗത്തെ അറിയിക്കേണ്ട ബാധ്യതയുണ്ട്.''

വി. രാജേന്ദ്രബാബു (മുൻ മേയർ)


 " ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിച്ച പദ്ധതികളിൽ ഏഴെണ്ണത്തിന് അനുമതി ലഭിച്ചിരുന്നില്ല. അക്കൂട്ടത്തിലൊന്നാണ് ചുറ്റുമതിൽ നിർമ്മാണം. പദ്ധതിക്ക് മുൻകൂർ അനുമതി നൽകിയത് താനാണ്. എന്നാൽ മിനിട്സിൽ തിരുത്തൽ വരുത്തിയിട്ടില്ല.''

ഹണി ബഞ്ചമിൻ (മേയർ)

 വാക്കൗട്ട് നടത്തിയ കൗൺസിലർമാർക്ക് ബി.ജെ.പി സ്വീകരണം

നഗരസഭായോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബി.ജെ.പി കൗൺസിലർമാരായ ഷൈലജ, തൂവനാട്ട് സുരേഷ് കുമാർ എന്നിവരെ പാർട്ടി പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ്‌ സാംരാജ്, ജനറൽ സെക്രട്ടറി ദേവദാസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം, മോർച്ച ജില്ലാ ഭാരവാഹിയായ ജെയിംസ്, അഭിലാഷ് മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.