clapana
ഗ്രാമപഞ്ചായത്തംഗം ശ്രീകലയുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നു

ഓച്ചിറ: അപ്രതീക്ഷിതമായി ക്വാറന്റൈനിലായ കോളനി നിവാസികൾക്ക് താങ്ങായി ഗ്രാമപഞ്ചായത്തംഗത്തിന്റെ ഇടപെടൽ. ക്ളാപ്പന ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ മണ്ണാശ്ശേരിൽ ലക്ഷം വീട് കോളനിയാണ് കൊവിഡ് ഭീഷണിയെ തുടർന്ന് അവിചാരിതമായി കൊട്ടിയടക്കപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച കുലശേഖരപുരം കടത്തൂർ സ്വദേശിയായ യുവതി മാതാപിതാക്കൾ വാടകയ്ക്ക് താമസിക്കുന്ന കോളനിയിൽ രണ്ട് ദിവസം തങ്ങിയിരുന്നു. ഇതാണ് 20 കുടുംബങ്ങൾ താമസിക്കുന്ന കോളനി കെട്ടിയടക്കാൻ കാരണം. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശാനുസരണമാണ് കോളനി കെട്ടിയടച്ചത്. ഗതാഗതം ഉൾപ്പടെ നിരോധിച്ചതോടെ കോളനി നിവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീകലയുടെ നേതൃത്വത്തിൽ ജനമൈത്രി പൊലീസിന്റെയും യുവജനസംഘടനകളുടെയും നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് മൊബൈൽ ഫോണിലൂടെ അവശ്യങ്ങൾ മനസിലാക്കി നിത്യോപയോഗസാധനങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് നിത്യാപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചത്. യുവജനസംഘടനകളായ ഡി.വൈ.എഫ്.എെ, യൂത്ത് കോൺഗ്രസ്, പുലരി ക്ലബ് എന്നിവർ ഇതിന് നേതൃത്വം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ശ്രീകലയുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.