ഇരവിപുരം: ചുറ്റിലും ശുചിമുറി മാലിന്യമുൾപ്പെടെ കെട്ടിനിന്ന് സുനാമി ഫ്ളാറ്റുകളിലെ ജനജീവിതം ദുസഹമാകുന്നു. ഇരവിപുരം ആക്കോലിൽ, വള്ളക്കടവ്, സ്നേഹതീരം എന്നീ സുനാമി ഫ്ലാറ്റുകളിലെ അന്തേവാസികൾക്കാണ് ഈ ദുർവിധി.
ശുചിമുറികളിൽ നിന്നുള്ള പൈപ്പുകൾ പൊട്ടിയൊഴുകുന്ന നിലയിലാണ്. ഇതിൽ നിന്ന് രൂക്ഷമായ ദുർഗന്ധം ഉയരുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. സ്ഥിതി തുടർന്നാൽ ഫ്ളാറ്റ് നിവാസികൾക്ക് പകർച്ചവ്യാധികളും രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ ഫ്ളാറ്റ് നിവാസികളുടെ ദുരിതത്തിന് നേർക്ക് അധികൃതർ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമുണ്ട്. കൊവിഡ് കാലമായതിനാൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സമരം ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇവർക്ക്.
സുനാമി ഫ്ളാറ്റുകളിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും നിവേദനം നൽകി.