വിഴുങ്ങിയത് കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള പ്ലാസ്റ്റിക് ബാൾ
കൊല്ലം: റോക്കി എന്ന വളർത്തുനായ വിഴുങ്ങിയ കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള പ്ലാസ്റ്റിക് ബാൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം അച്ചുതത്തിൽ ജിതേഷ് ജയന്റെ വളർത്തു നായയായ റോട്ട് വീലർ ഇനത്തിൽപ്പെട്ട റോക്കിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു മാസം മുൻപ് ജിതേഷ് കൗതുകത്തിന് വാങ്ങിയ കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള പ്ലാസ്റ്റിക് ബാൾ റോക്കിക്ക് കളിക്കാൻ നൽകി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ബാൾ കാണാതായി. കുറച്ചു നാളുകൾക്ക് ശേഷം റോക്കി നിരന്തരം ചർദ്ദിക്കുന്നതിന് പുറമേ അഹാരവും കഴിക്കാതായി. ഒടുവിൽ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. എക്സ്റേ പരിശോധനയിലാണ് ബാൾ മാത്രമല്ല അതിന്റെ ബാറ്ററിയും എൽ.ഇ.ഡി ബൾബ് ഉൾപ്പെടുന്ന യൂണിറ്റും റോക്കി ഉള്ളിലാക്കിയെന്ന് മനസിലാക്കിയത്. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബാറ്ററി യൂണിറ്റും പഴകി ദ്രവിച്ച കൊവിഡ് പന്തും പുറത്തെടുത്തു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ചെറുകുടലിന്റെ 15 സെന്റീമീറ്ററോളം ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് എന്റോ അനസ്തമോസിസ് എന്ന പ്രക്രിയയിലൂടെ ചെറുകുടൽ പുനസ്ഥാപിച്ചു. റോക്കിക്ക് ഒരാഴ്ചയോളം നീളുന്ന തുടർ ചികിത്സയും വേണ്ടിവരും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജൻമാരായ ഡോ. സജയ് കുമാർ, ഡോ. അജിത് പിള്ള , സീനിയർ വെറ്ററിനറി സർജൻ ഡോ. അജിത് ബാബു എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോക്ടർമാരായ ആതിര ജയരാജ്, ശ്രീലാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.