
കടയ്ക്കൽ : കമ്മ്യൂണിസ്റ്റ് നേതാവ് നിലമേൽ ലാൽ ഭവനിൽ വി. പ്രഭാകരൻ (90, പ്രഭാകരനാശാൻ) നിര്യാതനായി. കൊല്ലം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായിരുന്നു. 1945ൽ തൊഴിൽ സംബന്ധമായി മുബയിൽ എത്തിയതോടെയാണ് പ്രഭാകരൻ ആശാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം നിലമേൽ തിരികെയെത്തി ബീഡി തൊഴിലാളികളെയും തയ്യൽ തൊഴിലാളികളെയും സംഘടിപ്പിച്ചു. 1964ലെ പാർട്ടി ഭിന്നിപ്പിനു ശേഷം ആശാൻ സി.പി.ഐക്കൊപ്പം നിലയുറപ്പിച്ചു. തോട്ടം തൊഴിലാളി യൂണിയന്റെ കൊല്ലം ജില്ലയിലെ ആദ്യ കാല നേതാക്കളിൽ ഒരാളായിരുന്നു. കൊട്ടാരക്കര താലൂക്കിലെ തോട്ടം തൊഴിലാളി യൂണിയനിൽ ദീർഘകാലം സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് മണ്ഡലം കമ്മിറ്റിയായി മാറിയപ്പോൾ 1980 ൽ ചടയമംഗലം മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. കടയ്ക്കൽ കുറ്റിക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടി ഹയർ സെക്കൻഡറി സ്‌കൂൾ ട്രസ്റ്റ് അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു.
1954ൽ നടന്ന ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് ക്രൂരമായ മർദ്ദനവും ജയിൽവാസവും ഏറ്റുവാങ്ങി. നിലമേൽ എൻ.എസ്.എസ് കോളേജിന്റെ രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഭാര്യ: പരേതയായ മംഗളം. മകൻ :ജോയി. മരുമകൾ :ഹെലൻ ( അദ്ധ്യാപിക, ചിതറ മങ്കോട് എൽ.പി.എസ്).