കൊല്ലം: കാസർകോടുകാരൻ കെ.വി. വിവേകിന് സിവിൽ സർവീസ് പരീക്ഷയിൽ 301-ാം റാങ്ക് കിട്ടിയതിൽ കൊല്ലത്തിനും സന്തോഷത്തിന് വകയുണ്ട്. വിവേക് സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത് കൊല്ലത്താണ്. മാത്രമല്ല കരിക്കോട് ടി.കെ.എം ആർട്സ് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാഡമിയിലെ സ്റ്റുഡന്റ്സ് മെന്ററുമായിരുന്നു. മൂന്നാം തവണയാണ് വിവേക് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. സാംസംഗിൽ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുന്നതിനിടെ തയ്യാറെടുപ്പ് നടത്തിയാണ് 2017ൽ ആദ്യമായി പരീക്ഷ എഴുതിയത്. പക്ഷെേ പ്രിലിമിനറി പാസായില്ല. 2018ൽ വീണ്ടും എഴുതിയപ്പോൾ 667ാം റാങ്ക് ലഭിച്ച് ഇന്ത്യൻ റെയിൽവേയിൽ അക്കൗണ്ട്സ് സർവീസിൽ പ്രവേശിച്ചു. കുറച്ച് നാളിന് ശേഷം ഒരു വർഷത്തെ അവധിയെടുത്ത് കൊല്ലത്തെ സിവിൽ സർവീസ് അക്കാഡമിയിൽ മെന്ററായി. ഒപ്പം കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇത്തവണത്തെ പരീക്ഷ എഴുതിയത്.
കാസർകോഡ് വണ്ണാംപുരയ്ക്കൽ ഹൗസിൽ കെ.വി. സുകുമാരന്റെയും കെ.കെ. പ്രഭാവതിയുടെയും മകനാണ്. കുവൈറ്റിൽ ദന്ത ഡോക്ടറായ വർഷ സഹോദരിയാണ്.