കൊല്ലം: ആശ്രയമറ്റ് അഗതി മന്ദിരത്തിൽ കഴിയുമ്പോഴും കൊല്ലം കടയ്‌ക്കൽ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നളിനാക്ഷൻ ആഗ്രഹിക്കുന്നത് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പമുള്ള ജീവിതമാണ്. കുടുംബം അവഗണിച്ചതോടെ എട്ട് വർഷമായി ഫ്ലാറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ് അമ്പത്തെട്ടുകാരനായ ഇദ്ദേഹം. ഏപ്രിലിലെ ലോക്ക് ഡൗൺ കാലത്താണ് എറണാകുളം കലൂരിലെ ഫ്ലാറ്റിൽ വെച്ച് നളിനാക്ഷന് പക്ഷാഘാതമുണ്ടായത്. ഫ്ലാറ്റിലെ താമസക്കാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനും ബന്ധുക്കൾ എത്താതിരുന്നതോടെ സെക്യൂരിറ്റി ഏജൻസി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി നളിനാക്ഷനെ കൊല്ലം ജില്ലാ ആശുപത്രി വളപ്പിലെത്തിച്ച് മടങ്ങി. നളിനാക്ഷനെ സന്നദ്ധ പ്രവർത്തകർ നഗരത്തിലെ പുനരധിവാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പ് പിരിച്ചുവിട്ട ഘട്ടത്തിൽ നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരിയും നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയുമായ ഡി. ശ്രീകുമാർ നളിനാക്ഷൻ ഉൾപ്പെടെ ഏഴ് പേരെ ഏറ്റെടുത്ത് നീണ്ടകര മദർഹുഡിൽ എത്തിച്ചു. പ്രതിമാസം ആറായിരത്തോളം രൂപ നളിനാക്ഷന്റെ മരുന്നിന് ആവശ്യമാണ്. ഇടത് കൈകാലുകൾക്ക് സ്വാധീനക്കുറവ് അനുഭവപ്പെടുന്ന നളിനാക്ഷന് തുടർ ചികിത്സയും വേണം. മദർഹുഡിൽ നിന്ന് നളിനാക്ഷന്റെ ഭാര്യ, മകൻ എന്നിവരെ ബന്ധപ്പെട്ടെങ്കിലും സംരക്ഷണം നൽകാൻ ഇവർ തയ്യാറായില്ല. നളിനാക്ഷന്റെ ഭാര്യയുടെ പേരിൽ കാഞ്ഞിരത്തുംമൂട്ടിൽ വീടും വസ്തുവുമുണ്ട്. കടയ്ക്കൽ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച പപ്പുകുഞ്ഞന്റെ മകനാണ് നളിനാക്ഷൻ. സാഹചര്യങ്ങൾ സൂചിപ്പിച്ച് സഹായ അഭ്യർത്ഥനയുമായി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഭാര്യയുടെ പേരിൽ വീടും വസ്തുവും ഉള്ളതിനാൽ പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ മൂന്ന് മാസമായി മദർഹുഡിൽ നളിനാക്ഷൻ സന്തോഷവാനാണെങ്കിലും കുടുംബത്തിന്റെ സ്നേഹ സാമീപ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് മനസ് നിറയെ.