പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ നിർമ്മാണ ജോലികൾ പുരോഗമിച്ചു വരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് മുകൾ ഭാഗത്തു കൂടി കടന്നു പോകുന്ന 11 കെ.വി. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പ്രാഥമിക പരിശോധനകൾ നടത്തി. ഒന്നേ കാൽ കോടിയോളം രൂപ ചെലവഴിച്ചാലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ കഴിയു എന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ എക്സി.എൻജിനീയർ പ്രദീപ് പറഞ്ഞു.പുനലൂരിൽ നിന്നും കൊട്ടാരക്കര, വഴി കുണ്ടറയിൽ എത്തുന്ന 11 കെ.വി .വൈദ്യുതി ലൈനാണ് സ്റ്റേഡിയത്തിന്റെ സൈഡിലൂടെ മാറ്റി സ്ഥാപിക്കേണ്ടത്. ഇതിന് നിലവിലെ മൂന്ന് പുതിയ ടവർ മാറ്റി സ്ഥാപിക്കേണ്ടി വരും.അഞ്ച് കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പുരോഗമിച്ചു വരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് മുകളിലൂടെ 11 കെ.വി.വൈദ്യുതി ലൈൻ കടന്നു പോയാൽ അന്തർ ദേശീയ തല മത്സരങ്ങൾ നടത്താൻ കഴിയാതെ വരും. ഇത് കണക്കിലെടുത്ത് ലൈൻ മാറ്റി സ്ഥാപിക്കാൻ പ്രാഥമിക പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് കെ.എസ്. ഇ .ബി. അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയത്.ഇനി നഗരസഭ കൗൺസിലിന്റെ തീരുമാനങ്ങൾക്ക് ശേഷം നൽകുന്ന കത്തിൽ ചീഫ് എൻജിനീയറുടെ അനുമതി ലഭിച്ചാൽ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ കഴിയും. നഗരസഭ ചെയർമാൻ കെ എ. ലത്തിഫ്, മുൻ ചെയർമാൻ എം.എ.രാജഗോപാൽ, അസി.എക്സിക്യൂട്ടീവ് എൻഞ്ചിനിയർ സജി തുടങ്ങിയവർ പ്രാഥമിക പരിശോധനയിൽ പങ്കെടുത്തു.