girl-on-wheel
സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ബൈക്കോടിക്കുന്ന പെൺകുട്ടിയുടെ ദൃശ്യം

കൊല്ലം: ഫാത്തിമ മാതാ കോളേജിന് മുന്നിലൂടെ ലൈസൻസും ഹെൽമെറ്റും ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കോടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ദിവസങ്ങളായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പെൺകുട്ടി ബൈക്കോടിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഈ പ്രചാരണം തന്നെയാണ് വിനയായതും.

പെൺകുട്ടിക്കെതിരെ കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുകയും ബൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. 20,500 രൂപയാണ് പിഴ. ഗിയറുള്ള വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസില്ലാതെ ബൈക്കോടിച്ചതിന് പതിനായിരം രൂപ പിഴ ചുമത്തി. പതിനായിരം ബൈക്ക് അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയതിനും അഞ്ഞൂറ് രൂപ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചതിനുമാണ്.

ഒരാഴ്ച മുമ്പാണ് പുന്തലത്താഴം സ്വദേശിനിയായ 22കാരി ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചത്. ഈ സമയം ഇതുവഴി പോയ കാർ യാത്രികൻ ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പ്രചരിപ്പിച്ചു. ഇത് ഏറ്റുപിടിച്ച ഒരുകൂട്ടമാളുകൾ മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലും വീഡിയോ പോസ്റ്റ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി. മഹേഷ് നടപടിയെടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് രജിസ്ട്രേഷൻ നമ്പർ വച്ച് ഉടമസ്ഥനെ തിരഞ്ഞപ്പോൾ ഒരു യുവാവിന്റേതാണ് ബൈക്കെന്ന് മനസിലായി. ഈ യുവാവിൽ നിന്നാണ് ബൈക്കോടിച്ച സുഹൃത്തായ പെൺകുട്ടിയെ കണ്ടെത്തിയത്.